റിയാദ് ലക്ഷ്യമാക്കി വിക്ഷേപിച്ച ഹൂതി മിസൈല്‍ സൗദി തകര്‍ത്തു
|ഇന്നലെ രാത്രി എട്ടേമുക്കാലിനാണ് മിസൈല്‍ തകര്‍ത്തത്. മിസൈലിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തില്‍ പതിച്ചെങ്കിലും നാശനഷ്ടങ്ങളൊന്നുമില്ല...
സൌദിയിലെ റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി ഹൂതി വിമതര്‍ വിക്ഷേപിച്ച മിസൈല്‍ വ്യോമ സേന തകര്‍ത്തു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തില്‍ പതിച്ചെങ്കിലും നാശനഷ്ടങ്ങളൊന്നുമില്ല. ഇന്നലെ രാത്രി എട്ടേമുക്കാലിനാണ് മിസൈല്‍ തകര്‍ത്തത്.
യമനില്‍ നിന്നെത്തിയ മിസൈല്‍ ലക്ഷ്യം വെച്ചത് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു. മിസൈല്‍ നീക്കം തിരിച്ചറിഞ്ഞ സൌദിയുടെ പ്രതിരോധ സംവിധാനം പ്രവര്‍ത്തിച്ചു. മുക്കാല്‍ മണിക്കൂറിനകം മിസൈലിനെ ആകാശത്ത് തന്നെ തകര്‍ത്തു. റിയാദ് നഗരത്തില്‍ ഈ സമയം വലിയ ശബ്ദം കേട്ടതായി ദൃക്സാക്ഷികളെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മിസൈല്‍ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തില്‍ പതിച്ചതായി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. നഷ്ടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായിട്ടില്ല. വിമാന സര്‍വീസുകളെല്ലാം സാധാരണ നിലയിലാണ്. സംഭവം നടന്നയുടനെ വിമാനത്താവളം സുരക്ഷാ വലയത്തിലായി. പ്രതിരോധ സംവിധാനം മിസൈല്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. വാര്‍ത്ത അറബ് സഖ്യസേനയുടെ കേണല്‍ തുര്‍ക്കി അല്‍ മാലിഖി സ്ഥിരീകരിച്ചു. സൌദിക്ക് നേരെ ഹൂതികള്‍ നടത്തുന്ന 78 ആമതം മിസൈല് ആക്രമണമാണിത്.