കുവൈത്തിൽ എയ്ഡ്സ് രോഗികളുടെ എണ്ണം കൂടിയതായി റിപ്പോർട്ട്
|ഈ വർഷം മാത്രം 60 പേരിലാണ് പുതുതായി എച്ച് . ഐ വി. വൈറസ് ബാധ കണ്ടെത്തിയത്
കുവൈത്തിൽ എയ്ഡ്സ് രോഗികളുടെ എണ്ണം കൂടിയതായി റിപ്പോർട്ട്. ഈ വർഷം മാത്രം 60 പേരിലാണ് പുതുതായി എച്ച് . ഐ വി. വൈറസ് ബാധ കണ്ടെത്തിയത് .ഇതോടെ രാജ്യത്തെ മൊത്തം എയ്ഡ്സ് രോഗികളുടെ എണ്ണം 350 ആയി ഉയർന്നു.
ലോക എയ്ഡ്സ് ദിനാചരണതോടനുബന്ധിച്ചു ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് രാജ്യത്തെ എയ്ഡ്സ് രോഗികളുടെ എണ്ണം കൂടിയതായി പറയുന്നത് . എയ്ഡ്സുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ താരതമ്യ റിപ്പോർട്ടിലും 2017ൽ കുവൈത്തിൽ എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ വർധനയുള്ളതായി പരാമർശമുണ്ടായിരുന്നു . 2010ൽ രാജ്യത്തെ ആയിരം പേരിൽ ഒരാൾക്കായിരുന്നു രോഗം കാണപ്പെട്ടിരുന്നത്. എന്നാൽ 2016ൽ ഇത് രണ്ടായി. 2005 മുതൽ 2010 വരെ രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായില്ല. കഴിഞ്ഞ വർഷം രാജ്യത്തെ എച്ച് ഐ വി ബാധിതരുടെ എണ്ണം 290 ആയിരുന്നു. രോഗികളുടെ എണ്ണത്തിൽ ഇപ്പോഴുണ്ടായ വർധന വൻ അപകട സൂചനയാണ് കാണിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗ വ്യാപനം തടയാനുള്ള വിവിധ പദ്ധതികൾക്കൊപ്പം ബോധവത്കരണ പരിപാടികൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു .