ഉപരോധം 300 ദിവസം പിന്നിടുമ്പോള്‍ പുത്തന്‍ സാധ്യതകള്‍ തുറന്ന് ഖത്തര്‍
|ഉപരോധം വിവിധ രാജ്യങ്ങളിലായി കഴിയുന്ന അറബ് ജനതക്കേല്‍പ്പിച്ച മുറിവ് നിസാരമല്ല
അയല്‍രാജ്യങ്ങളുടെ ഉപരോധം 300 ദിവസം പിന്നിടുമ്പോള്‍ രാജ്യത്ത് അവശ്യ സാധനങ്ങള്‍ സ്വയം ഉത്പാദിപ്പിച്ചും സ്വദേശി സംരംഭങ്ങള്‍ വര്‍ദ്ധിപ്പിച്ചും പുത്തന്‍ സാധ്യതകള്‍ തുറക്കുകയാണ് ഖത്തര്‍. ഉപരോധം വിവിധ രാജ്യങ്ങളിലായി കഴിയുന്ന അറബ് ജനതക്കേല്‍പ്പിച്ച മുറിവ് നിസാരമല്ല.
സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം ഖത്തറിന് സ്വയം പര്യാപ്തതയിലേക്കുള്ള വഴി തുറന്നതായാണ് വിവിധ മാധ്യമങ്ങള്‍ നടത്തിയ സര്‍വെ വ്യക്തമാക്കുന്നത് . ഉപരോധം 300 ദിനം പിന്നിട്ട് ഒരു വര്‍ഷത്തോടടുക്കുമ്പോഴും കൃത്യമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിഞ്ഞിട്ടില്ല. സ്വന്തമായി ഒന്നും ഉത്പാദിപ്പിക്കാതിരുന്ന ഖത്തറില്‍ ഇന്ന് ഭക്ഷ്യ വസ്തുക്കള്‍ മുതല്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ വരെ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികളില്‍ നല്ലൊരു പങ്കും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വ്യവസായ കേന്ദ്രങ്ങളുടെതാണ് എന്നതും ശ്രദ്ധേയമാണ്. ലോക രാജ്യങ്ങളില്‍ ഏറെ ചെറിയ രാജ്യമായിരുന്നിട്ടും വന്‍ ശക്തികളായ രാജ്യങ്ങളെ പോലും തങ്ങളോടൊപ്പം നിര്‍ത്താന്‍ സാധിച്ചൂവെന്നത് വലിയ നേട്ടമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്. നയതന്ത്ര മേഖലയിലെ ചടുലമായ നീക്കത്തിലൂടെ പ്രതിസന്ധികളെ നിഷ്പ്രഭമാക്കാന്‍ കഴിഞ്ഞതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയെ പോലെ തന്നെ റഷ്യയെയും ജര്‍മ്മനിയെ പോലെ തന്നെ ഫ്രാന്‍സിനെയും കൂടെ നിര്‍ത്തുകയായിരുന്നു ഖത്തര്‍
ഉപരോധ രാജ്യങ്ങളുമായി തുറന്ന ചര്‍ച്ചക്കുള്ള സന്നദ്ധത അറിയിച്ചു കൊണ്ടുള്ള ഖത്തറിന്റെ നയതന്ത്ര നീക്കം വിജയം കാണുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത മാസം അമേരിക്കയിലെ ക്യാപ് ഡേവിഡില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ജി.സി.സി ഉച്ചകോടി വിളിച്ച് കൂട്ടുന്നതിന് പിന്നിലും ഖത്തറിന്റെ ശ്രമമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം ഉപരോധം വിവിധ രാജ്യങ്ങളിലായി കഴിയുന്ന അറബ് ജനതക്കേല്‍പ്പിച്ച മുറിവ് നിസാരമല്ല.കുടുംബങ്ങള്‍ പിരിഞ്ഞ് കഴിയാനും ആരാധനാ സ്വാതന്ത്യം വരെ നിഷേധിക്കപ്പെടാനും ഉപരോധം കാരണമായെന്നാണ് ഖത്തര്‍ മനുഷ്യവകാശ സമിതി ഉന്നയിക്കുന്ന ആരോപണം .