കുവൈത്തിലേക്കുള്ള ഇന്ത്യൻ വീട്ടു വേലക്കാരികളുടെ റിക്രൂട്ട്മെന്റ് പെരുന്നാളിന് ശേഷം പുനരാരംഭിക്കും
|ഇതിനായുള്ള കരാറിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ അടുത്ത ആഴ്ച ഒപ്പുവച്ചേക്കും
കുവൈത്തിലേക്കുള്ള ഇന്ത്യൻ വീട്ടുവേലക്കാരികളുടെ റിക്രൂട്ട്മെന്റ് പെരുന്നാളിന് ശേഷം പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. ഇതിനായുള്ള കരാറിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ അടുത്ത ആഴ്ച ഒപ്പുവച്ചേക്കും. കുവൈത്ത് സർക്കാരിന്റെ മേൽനോട്ടത്തിലുള്ള റിക്രൂട്ടിങ് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇരു വിദേശകാര്യ മന്ത്രാലയങ്ങളും കരാറിൽ ഒപ്പുവെക്കുന്നതോടെ റിക്രൂട്ടിങ് ഏജൻസി ആവശ്യക്കാരുടെ അപേക്ഷ സ്വീകരിക്കുന്നതുൾപ്പെടെ മറ്റ് കാര്യങ്ങളിലേക്ക് കടക്കും . ഇന്ത്യയിലെ ആറ് അംഗീകൃത ഏജൻസികൾ വഴിയായിരിക്കും റിക്രൂട്ടിങ് നടപടികൾ മുന്നോട്ടുപോകുകയെന്നും അധികൃതർ വ്യക്തമാക്കി. വിയറ്റ്നാമിൽനിന്ന് ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ് ഇതിനായി വിയറ്റ്നാമിലെ ഗാർഹിക തൊഴിലാളി റിക്രൂട്ടിങ് ഏജൻസികളുമായി ബന്ധപ്പെട്ടു വരികയാണെന്നും അന്തിമകരാർ ഇതുവരെ രൂപപ്പെടുത്താനായിട്ടില്ലെന്നും അൽദുറ അധികൃതർ പറഞ്ഞു ജോലിക്കാരെ മാനസിക പരിശോധനക്ക് വിധേയമാക്കണമെന്ന കുവൈത്തിന്റെ നിബന്ധനയിൽ ഉടക്കി എത്യോപ്യൻ വേലക്കാരികളുടെ റിക്രൂട്ട്മെന്റ് ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്. നിബന്ധനകൾക്ക് വിധേയമായി തങ്ങളുടെ രാജ്യക്കാരെ കുവൈത്തിലേക്ക് അയക്കേണ്ടതില്ലെന്ന നിലപാടലാണ് എത്യോപ്യ . വീട്ടുടമകൾക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റ കൃത്യങ്ങൾ ആവർത്തിച്ചതിനെ തുടർന്നാണ് എത്യോപ്യൻ വേലക്കാരികൾക്ക് കുവൈത്ത് റിക്രൂട്ട്മെന്റ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.