Gulf
ദേശീയതാല്‍പര്യമുള്ള രഹസ്യവിവര കൈമാറ്റം: ഇന്ത്യയും യുഎഇയും ധാരണാപത്രം ഒപ്പുവെച്ചുദേശീയതാല്‍പര്യമുള്ള രഹസ്യവിവര കൈമാറ്റം: ഇന്ത്യയും യുഎഇയും ധാരണാപത്രം ഒപ്പുവെച്ചു
Gulf

ദേശീയതാല്‍പര്യമുള്ള രഹസ്യവിവര കൈമാറ്റം: ഇന്ത്യയും യുഎഇയും ധാരണാപത്രം ഒപ്പുവെച്ചു

admin
|
26 May 2018 1:40 PM GMT

കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ യു എ ഇ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ധാരാണപത്രം ഒപ്പിട്ടത്.

ദേശീയതാല്‍പര്യമുള്ള രഹസ്യവിവരങ്ങള്‍ പരസ്പരം കൈമാറാന്‍ ഇന്ത്യയും യു എ ഇയും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ യു എ ഇ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ധാരാണപത്രം ഒപ്പിട്ടത്.

ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ യു എ ഇ തലസ്ഥാനമായ അബൂദബിയിലെത്തിയത്. അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രതിരോധ, സൈനിക മേഖലകളിലെ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായിരുന്നു ഊന്നല്‍. ഈ രംഗത്ത് ഇരു രാജ്യങ്ങളും സാങ്കേതിക വൈദഗ്ധ്യം പരസ്പരം കൈമാറാന്‍ നേരത്തേ ധാരണയുണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തിലെ പുതിയ സംഭവവികാസങ്ങളും ഇരു നേതാക്കളും വിലയിരുത്തിയാതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇ പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ബുവാരിദി, ക്രൗണ്‍പ്രിന്‍സസ് കോര്‍ട്ട് അണ്ടര്‍സെക്രട്ടറി മുഹമ്മദ് മുബാറക്ക് അല്‍ മസ്റൂയി, സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് ലെഫ്. ജനറല്‍ ഹമദ് മുഹമ്മദ് ഥാനി അല്‍ റുമൈതി, ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

യു എ ഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനുമായും മനോഹര്‍ പരീക്കര്‍ ചര്‍ച്ച നടത്തി. ഇതിനിടയിലാണ് ദേശീയ താല്‍പര്യമുള്ള രഹസ്യ വിവരങ്ങള്‍ പങ്കുവെക്കുന്നതിന് ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പിട്ടത്. മനോഹര്‍ പരീക്കര്‍ പിന്നീട് ഇന്ത്യന്‍ പ്രവാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മനോഹര്‍ പരീക്കര്‍ രാത്രിയോടെ ഇന്ത്യയിലേക്ക് മടങ്ങി.

Similar Posts