സ്റ്റാര്‍ട്ട് അപ് കമ്പനികളുടെ ഉച്ചകോടി യുഎഇയില്‍
|റോബോട്ടുകള്‍ അടക്കം ഇന്ത്യന്‍സാങ്കേതിക സ്റ്റാര്‍ട്ട് അപ്പുകളെ ഗള്‍ഫ് ലോകത്തിനു പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
യുഎഇയില്‍ ഇന്ത്യയുടെ സ്റ്റാര്‍ട്ട് അപ് കമ്പനികളുടെ വിപുലമായ ഉച്ചകോടി നടക്കും. ഇതാദ്യമായാണ് രാജ്യത്തിനു പുറത്ത് ഇത്തരമൊരു ഉച്ചകോടിക്ക് വേദിയൊരുങ്ങുന്നത്. ദുബൈക്കു പിന്നാലെ ലോകത്തിന്റെ മറ്റിടങ്ങളിലും സ്റ്റാര്‍ട്ട് അപ് കമ്പനി സമ്മേളനങ്ങള്‍ നടത്താനാണ് തീരുമാനം.
മെയ് 23 ,24 തീയതികളില്‍ ദുബൈ, അബുദാബി എന്നിവടങ്ങളിലാകും ഉച്ചകോടി നടക്കുകയെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി പറഞ്ഞു. ദുബൈയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോബോട്ടുകള്‍ അടക്കം ഇന്ത്യന്‍സാങ്കേതിക സ്റ്റാര്‍ട്ട് അപ്പുകളെ ഗള്‍ഫ് ലോകത്തിനു പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. പിന്നിട്ട രണ്ടു വര്‍ഷങ്ങളിലായി നൂറു കണക്കിന് മികച്ച സ്റ്റാര്‍ട്ട് അപ്പുകള്‍ ഇന്ത്യയില്‍ ഉടലെടുത്തിട്ടുണ്ട്. അവയ്ക്കു ഗള്‍ഫ് മേഖലയില്‍ വലിയ സാധ്യതകളും ഉണ്ട്.
ഗള്‍ഫിലുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും പങ്കെടുക്കാം. സോഫ്റ്റ് വെയര്‍, വിദ്യാഭ്യാസ,ആരോഗ്യ മേഖലകളില്‍ ഉള്ള സ്റ്റാര്‍ട്ട്അപ്പുകള്‍ ആണ് ഇന്ത്യയുടെ ഖ്യാതി ഗള്‍ഫില്‍ എത്തിക്കാന്‍ ഇത്തവണ പ്രധാനമായും നീക്കം നടത്തുന്നത്. ദുബൈയില്‍ മെയ് 23 നു എമിറേറ്റ്‌സ് ടവറിലും അബുദാബിയില്‍ മെയ് 24 ന് ഗ്ലോബല്‍ മാര്‍ക്കറ്റിലുമാണ് ഉച്ചകോടിയെന്നും സ്ഥാനപതി പറഞ്ഞു. ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍, ഐബിപിസി പ്രസിഡന്റ് ബിന്ദു ചേറ്റൂര്‍, ഡോ. ബി ആര്‍ ഷെട്ടി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.