ഗള്‍ഫ് പ്രതിസന്ധി; ഉപാധികളില്‍ തട്ടി സമവായ ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി
|യുഎഇ, ബഹ്റൈൻ, സൗദി എന്നീ രാജ്യങ്ങളിൽ നിന്ന് ഖത്തർ പൗരൻമാർക്ക് പുറത്തു പോകാൻ അനുവദിച്ച സമയപരിധിയും അവസാനിച്ചു
ഗൾഫ് പ്രതിസന്ധി രണ്ടാഴ്ച പിന്നിടുമ്പോൾ ഉപാധികളിൽ തട്ടി സമവായ ചർച്ചകൾ വീണ്ടും വഴിമുട്ടി. യുഎഇ, ബഹ്റൈൻ, സൗദി എന്നീ രാജ്യങ്ങളിൽ നിന്ന് ഖത്തർ പൗരൻമാർക്ക് പുറത്തു പോകാൻ അനുവദിച്ച സമയപരിധിയും അവസാനിച്ചു.
ജൂൺ അഞ്ചു മുതലാണ് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളിൽ നിന്ന് ഖത്തർ പൗരൻമാർ 14 ദിവസങ്ങൾക്കകം വിട്ടു പോകണം എന്നായിരുന്നു ഉത്തരവ്. ഏറെക്കുറെ എല്ലാ ഖത്തർ പൗരൻമാരും പിൻവാങ്ങിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സൗദിയിലും മറ്റും നിക്ഷേപവും വാണിജ്യവുമുള്ള ഖത്തരികൾ വലിയ ആശങ്കയോടെയാണ് സ്വദേശത്തേക്ക് തിരിച്ചത്. അതേ സമയം ഖത്തറിൽ നിന്ന് വിവാഹബന്ധത്തിൽ ഏർപ്പെട്ട സ്വദേശി കുടുംബങ്ങൾക്ക് വിലക്ക് നീക്കിയിട്ടുണ്ട്. മാനുഷിക പ്രശ്നം കണക്കിലെടുത്താണ് നടപടിയെന്ന് സൗദി അനുകൂല രാജ്യങ്ങൾ അറിയിച്ചു. ഉംറ തീർഥാടകരായ ഖത്തർ സ്വദേശികൾക്ക് പക്ഷെ, വിലക്ക് ബാധകമാവില്ല. നൂറുകണക്കിന് ഖത്തർ തീർഥാടകരാണ് ഇപ്പോൾ തന്നെ പുണ്യഭൂമികളിലുള്ളത്. തീർഥാടകരുടെ പോക്കുവരവിന് അതിർത്തികളിൽ തടസമില്ല.
ജൂൺ അഞ്ചിനു തന്നെ ഖത്തർ നയതന്ത്ര പ്രതിനിധികൾ മടങ്ങിയിരുന്നു. ഖത്തറിലെ എംബസികൾ പൂട്ടിയ സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് സ്ഥാനപതിമാരും ദോഹയിൽ നിന്ന്നേരത്തെ തന്നെ മടങ്ങി. കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ പ്രതിസന്ധി പരിഹരിക്കാൻ നടന്ന നീക്കങ്ങൾ എവിടെയും എത്തിയില്ല. അമേരിക്ക, ബ്രിട്ടൻ, തുർക്കി, ജർമനി, ഫ്രാൻസ്, ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും പ്രതിസന്ധിപരിഹാര ചർച്ചയുമായി രംഗത്തുണ്ട്. എന്നാൽ തീവ്രവാദ ആഭിമുഖ്യം പൂർണമായും കൈവിടാതെ ഖത്തറുമായി ബന്ധം പുനസ്ഥാപിക്കാനില്ലെന്ന നിലപാടിൽ തന്നെയാണ് സൗദി അനുകൂല രാജ്യങ്ങൾ. ഉടമ്പടി രൂപപ്പെട്ടാൽ തന്നെ പടിഞ്ഞാറൻ നിരീക്ഷണ ഏജൻസി കാര്യങ്ങൾ വിലയിരുത്താൻ വേണമെന്ന പുതിയ ഉപാധി കൂടി മുന്നോട്ടു വെച്ചതോടെ പ്രതിസന്ധി പരിഹാര നീക്കങ്ങൾക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്.