Gulf
വിസക്കച്ചവടം തീരെ ഇല്ലാതാക്കാനുളള പദ്ധതിയുമായി സൗദി തൊഴില്‍ മന്ത്രാലയം'വിസക്കച്ചവടം' തീരെ ഇല്ലാതാക്കാനുളള പദ്ധതിയുമായി സൗദി തൊഴില്‍ മന്ത്രാലയം
Gulf

'വിസക്കച്ചവടം' തീരെ ഇല്ലാതാക്കാനുളള പദ്ധതിയുമായി സൗദി തൊഴില്‍ മന്ത്രാലയം

admin
|
27 May 2018 7:12 AM GMT

പുറം രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്കുള്ള റിക്രൂട്ട്മെന്റ് കുറച്ച് 'വിസക്കച്ചവടം' തീരെ ഇല്ലാതാക്കാനുളള പദ്ധതി സൗദി തൊഴില്‍ മന്ത്രാലയം ആവിഷ്ക്കരിച്ചുവരുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പുറം രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്കുള്ള റിക്രൂട്ട്മെന്റ് കുറച്ച് 'വിസക്കച്ചവടം' തീരെ ഇല്ലാതാക്കാനുളള പദ്ധതി സൗദി തൊഴില്‍ മന്ത്രാലയം ആവിഷ്ക്കരിച്ചുവരുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഒഴിവുകളിലേക്ക് സ്വദേശികളെ പരിഗണിക്കുകയോ ലഭ്യമല്ലാതെ വന്നാല്‍ രാജ്യത്തിനകത്ത് നിന്ന്തന്നെ വിദേശികളെ തെരഞ്ഞെടുക്കാനോ കഴിയുന്ന വിധത്തില്‍ പദ്ധതി ആസൂത്രണം ചെയ്യാനാണ് ആലോചിക്കുന്നത്. പരമാവധി സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനും പുതിയ റിക്രൂട്ട്മെന്‍റുകള്‍ ഒഴിവാക്കി വിദേശികളെ കുറച്ചുകൊണ്ടുവരാനും കഴിയും.

രാജ്യത്തുള്ള മുഴുവന്‍ സ്ഥാപനങ്ങളിലെയും ജോലി ഒഴിവുകളും വിദേശികളുടെ തൊഴില്‍ മാറ്റവും തൊഴില്‍ കരാര്‍ അവസാനിക്കുന്നതുമെല്ലാം തൊഴില്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലില്‍ പരസ്യപ്പെടുത്തുന്ന രീതിയാണ് നടപ്പാക്കാന്‍ പോകുന്നത്. ഇങ്ങനെ വരുന്ന ഒഴിവുകളിലേക്ക് സ്വദേശിയെ നിയമിക്കാനാണ് ശ്രമിക്കേണ്ടത്. സ്വദേശികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ രാജ്യത്തിനകത്തുള്ള വിദേശിയെ കണ്ടത്തൊം. ഇതിനും കഴിയാതെവന്നാല്‍ മാത്രം വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്നതിന് വിസ നല്‍കും. പുറത്തുനിന്ന് റിക്രൂട്ട്ചെയ്യുന്നതിന് വിസ ലഭിക്കണമെങ്കില്‍ ശമ്പളം, ഹൗസിങ് അലവന്‍സ്, മെഡിക്കല്‍ പരിരക്ഷ, തൊഴില്‍ വിഭാഗം, ജോലി സമയം, നിയമിക്കപ്പെടുന്ന സ്ഥലം തുടങ്ങി വിശദ വിവരങ്ങള്‍ മന്ത്രാലയത്തിന് നല്‍കണം. തൊഴിലില്ലായ്മ പരിഹരിക്കുക, 'വ്യാജ' സ്വദേശിവല്‍ക്കരണം തടയുക, തൊഴിലാളിയും തൊഴില്‍ദാതാവും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കുക, തൊഴില്‍ നിയമ ലംഘനങ്ങള്‍ തടയുക, തൊഴില്‍ പരാതികള്‍ കുറക്കുക, തൊഴില്‍ വിപണി പരിഷ്ക്കരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. പുതിയ തൊഴില്‍ പദ്ധതി നിലവില്‍ വരുന്നതോടെ സ്വദേശികള്‍ക്ക് വലിയ തൊഴില്‍ സാധ്യതകള്‍ ലഭ്യമാകുമെന്നും വിദഗ്ദ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനും അവിദഗ്ദ തൊഴിലാളികളെ കുറച്ച് വിപണി മെച്ചപ്പെടുത്താനും കഴിയുമെന്നുമാണ് മന്ത്രാലയം കണക്ക്കൂട്ടുന്നത്. കൂടാതെ ചില തൊഴില്‍ മേഖലകളിലുള്ള വിദേശ തൊഴിലാളികളുടെ കുത്തക ഇല്ലാതാക്കി സ്വദേശികള്‍ക്ക് പ്രാതിനിധ്യം നല്‍കാനും കഴിയും. വിസക്കച്ചവടവും ബിനാമി ബിസിനസുകളും പൂര്‍ണമായി ഇല്ലാതാക്കാനും ഇതിലൂടെ കഴിയും. അതോടൊപ്പം രാജ്യത്തിനകത്ത് കഴിയുന്ന വിദേശികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ലഭ്യമാക്കാനും പുറത്തുനിന്ന് യഥാര്‍ഥ തൊഴിലുകളിലേക്ക് മെച്ചപ്പെട്ട വേതന വ്യവസ്ഥകളോടെ റിക്രൂട്ട്ചെയ്യാനും സാധ്യമാകുമെന്നാണ് പ്രതീക്ഷ.

Related Tags :
Similar Posts