Gulf
ഐഎസ് എന്ന് ആരോപിച്ച് പീഡനം: യുഎഇ പൌരന്‍ അമേരിക്കന്‍ പൊലീസിനെതിരെ നിയമനടപടിക്ക്ഐഎസ് എന്ന് ആരോപിച്ച് പീഡനം: യുഎഇ പൌരന്‍ അമേരിക്കന്‍ പൊലീസിനെതിരെ നിയമനടപടിക്ക്
Gulf

ഐഎസ് എന്ന് ആരോപിച്ച് പീഡനം: യുഎഇ പൌരന്‍ അമേരിക്കന്‍ പൊലീസിനെതിരെ നിയമനടപടിക്ക്

Sithara
|
27 May 2018 3:19 PM GMT

പരമ്പരാഗത അറബ് വേഷം കണ്ട് ഐഎസ് അംഗമെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത് ദേഹപരിശോധന നടത്തി പീഡിപ്പിച്ച സംഭവത്തില്‍ അമേരിക്കന്‍ പൊലീസിനെതിരെ യുഎഇ പൗരന്‍ നിയമനടപടിക്ക്.

പരമ്പരാഗത അറബ് വേഷം കണ്ട് ഐഎസ് അംഗമെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത് ദേഹപരിശോധന നടത്തി പീഡിപ്പിച്ച സംഭവത്തില്‍ അമേരിക്കന്‍ പൊലീസിനെതിരെ യുഎഇ പൗരന്‍ നിയമനടപടിക്ക്. 200 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് യുഎഇ വ്യാപാരിയായ അഹ്മദ് അല്‍ മിന്‍ഹാലി പറഞ്ഞു. സംഭവത്തില്‍ യുഎസ് അധികൃതര്‍ ഇദ്ദേഹത്തോട് മാപ്പ് പറഞ്ഞിരുന്നു. അതേസമയം ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം അമേരിക്കയിലെ ഒഹിയോയില്‍ ഏവണ്‍ സിറ്റിയിലെ ഫെയര്‍ഫീല്‍ഡ് ഇന്‍ ഹോട്ടലിന് പുറത്തുനിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വ്യാപാര ആവശ്യങ്ങള്‍ക്കും വൈദ്യപരിശോധനകള്‍ക്കുമായാണ് ഇദ്ദേഹം ഒഹിയോയിലെത്തിയത്. ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയപ്പോള്‍ പരമ്പരാഗത അറബ് വസ്ത്രമായ കന്തൂറ കണ്ട് ഹോട്ടല്‍ ജീവനക്കാരിക്ക് തീവ്രവാദിയാണെന്ന് തോന്നി. ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തത്തെി കൈയാമം വെച്ച് ദേഹപരിശോധന നടത്തി. എന്നാല്‍ തൊട്ടുടനെ ഇദ്ദേഹം ബോധംകെട്ട് നിലത്ത് വീണു. ഉടന്‍ ഒഹിയോയിലെ ക്ളീവ്ലാന്‍ഡ് ക്ളിനിക്കില്‍ പ്രവേശിപ്പിച്ചു. കൈയാമം വെച്ച് ദേഹപരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വിഷയം അമേരിക്കയിലെ യു.എ.ഇ എംബസി ഏറ്റടെുക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ഏവണ്‍ മേയര്‍ ബ്രയാന്‍ ജന്‍സണും പൊലീസ് മേധാവി റിച്ചാര്‍ഡ് ബോസ്ലെയും മിന്‍ഹാലിയെ സന്ദര്‍ശിച്ച് മാപ്പ് പറയുകയായിരുന്നു.

എന്നാല്‍ മാപ്പപേക്ഷ അംഗീകരിക്കുന്നില്ലെന്നും മനഃപൂര്‍വം തന്നെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്നും മിന്‍ഹാലി പറഞ്ഞു. കുറ്റവാളിയോടെന്ന പോലെ ക്രൂരമായാണ് പൊലീസ് പെരുമാറിയത്. ബലം പ്രയോഗിച്ചുള്ള പരിശോധനയില്‍ ദേഹമാസകലം പരിക്കേറ്റു. പക്ഷാഘാതത്തിന് ചികിത്സയിലിരിക്കുന്നയാളാണ് താന്‍. എന്നാല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പോലും അവര്‍ അനുവദിച്ചില്ല. പരമ്പരാഗത വസ്ത്രം കണ്ട് നേരത്തെ മൂന്ന് തവണ പൊലീസ് തടഞ്ഞുവെച്ചിട്ടുണ്ടെങ്കിലും ഇത്രയും ക്രൂരമായ പെരുമാറ്റം ആദ്യമായാണെന്നും മിന്‍ഹാലി വ്യക്തമാക്കി.

Related Tags :
Similar Posts