കുവൈത്തിൽ അടുത്തമാസം മുതൽ പെട്രോള്‍ വില കൂടും
|കഴിഞ്ഞ ദിവസം ചേർന്ന കാബിനറ്റ് യോഗത്തിലാണ് പെട്രോൾ വിലയിൽ 40 മുതൽ 80 ശതമാനം വരെ വർദ്ധന നടപ്പാക്കാൻ തീരുമാനമായത്. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചു മൂന്നു മാസത്തിലൊരിക്കൽ പെട്രോൾ വില പുനർനിർണയിക്കാനും തീരുമാനമായിട്ടുണ്ട്
കുവൈത്തിൽ അടുത്തമാസം മുതൽ പെട്രോളിനു വില കൂടും. കഴിഞ്ഞ ദിവസം ചേർന്ന കാബിനറ്റ് യോഗത്തിലാണ് പെട്രോൾ വിലയിൽ 40 മുതൽ 80 ശതമാനം വരെ വർദ്ധന നടപ്പാക്കാൻ തീരുമാനമായത്. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചു മൂന്നു മാസത്തിലൊരിക്കൽ പെട്രോൾ വില പുനർനിർണയിക്കാനും തീരുമാനമായിട്ടുണ്ട്
പ്രീമിയം പെട്രോളിന് ലിറ്ററിന് 60 ഫിൽസ് സൂപ്പർ പെട്രോളിന് 65 ഫിൽസ്. ലോ എമിഷൻ അൾട്ര പെട്രോളിന് 95 ഫിൽസ് എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. ഇത് യഥാക്രമം 85 ഫിൽസ് -105 ഫിൽസ്- 165ഫിൽസ് എന്നിങ്ങനെ വർദ്ധിപ്പിക്കാനാണു തീരുമാനം. സെപ്റ്റംബർ ഒന്ന് മുതൽ മൂന്നുമാസത്തേക്കാണ് പുതിയ നിരക്ക്. പിന്നീട് ക്രൂഡോയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾക്കനുസൃതമായി പുനഃ ക്രമീകരിക്കും. ഇതിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് കുവൈത്ത് പെട്രോൾ വില പരിഷ്കരിക്കുന്നത്. എണ്ണവിലത്തകർച്ചയുടെ പശ്ചാത്തലത്തിൽ സർക്കാർ മുന്നോട്ടു വെച്ച സാമ്പത്തിക പരിഷ്കരണ നിർദേശങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഇന്ധന സബ്സിഡി പരിമിതപ്പെടുത്തൽ. ഡീസൽ മണ്ണെണ്ണ എന്നിവയുടെ സബ്‌സിഡി കഴിഞ്ഞ വര്‍ഷം ജനുവരിയിൽ സർക്കാർ എടുത്തുമാറ്റിയിരുന്നു. മറ്റു ജിസിസി രാജ്യങ്ങളിൽ നേരത്തെ തന്നെ സബ്‌സിഡി നിയന്ത്രണം നടപ്പാക്കിയിരുന്നെങ്കിലും കുവൈത്തിൽ. പാർലിമെന്‍റ് അംഗങ്ങളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം വൈകിയത്.
പെട്രോൾ വില നടപ്പാകുന്നതോടെ നിത്യോപയോഗ സാധനങ്ങൾക്കുൾപ്പെടെ വിലകയറ്റമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. മലയാളികളടക്കമുള്ള പ്രവാസികളുടെ ജീവിത ചെലവ് കുതിച്ചുയരാൻ ഇത് കാരണമായേക്കും .