എണ്ണ ഉല്പാദനം കുറക്കുമെന്ന് ഒപെക്; പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍
|അടുത്ത വര്‍ഷത്തോടെ എണ്ണവില ഗണ്യമായി ഉയരുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ വിലയിരുത്തല്‍
എട്ടു വര്‍ഷത്തിനിടെ ഇതാദ്യമായി എണ്ണ ഉല്പാദനം കുറക്കാനുള്ള ഒപെക് തീരുമാനം ആഗോള വിപണിയില്‍ വില വര്‍ധനക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയില്‍ ഗള്‍ഫ് രാജ്യങ്ങള്‍. അടുത്ത വര്‍ഷത്തോടെ വില ഗണ്യമായി ഉയരുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ വിലയിരുത്തല്‍.
മുന്‍വിധികള്‍ മാറ്റിനിര്‍ത്തി ഉല്പാദനം കുറക്കാനുള്ള ധാരണയില്‍ ഒപെക് രാജ്യങ്ങള്‍ എത്തിച്ചേര്‍ന്നതു പോലും വലിയ നേട്ടമാണ്. ഒരു ദിവസത്തെ ആകെ ഉല്പാദനം 33 ബില്യന്‍ ബാരല്‍ ആയി പരിമിതപ്പെടുത്താനാണ് ഒപെക് നീക്കം. ഉല്പാദനം കുറക്കുമെന്ന സൂചന വന്നതോടെ തന്നെ വിപണിയില്‍ നിരക്ക് അഞ്ച് ശതമാനം ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് വിലയില്‍ വീണ്ടും ഇടിവ് സംഭവിച്ചു. അടുത്ത വര്‍ഷത്തോടെ ആഗോള വിപണിയില്‍ ബാരലിന് 55 മുതല്‍ 60 ഡോളര്‍ ആയി വില ഉയരും എന്നു തന്നെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ കരുതുന്നത്.
2008ല്‍ ആയിരുന്നു ഒപെക് അവസാനമായി ഉല്പാദനം കുറച്ചത്. ഇടക്കാലത്ത്, ഇറാന്, വെനിസ്വല ഉള്‍പ്പെടെ പല രാജ്യങ്ങളും സമ്മര്‍ദം തുടര്‍ന്നെങ്കിലും ഉല്പാദനം കുറക്കാന്‍ ഏറ്റവും വലിയ എണ്ണ ഉല്പാദക രാജ്യമായ സൗദി തയാറായിരുന്നില്ല. എന്നാല്‍ വില ബാരലിന് 50 ഡോളറിനും ചുവടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാറ്റം ആവശ്യമാണെന്ന് സൗദിയും തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് ഉല്പാദനം കുറച്ച് വില സന്തുലിതത്വം ഉറപ്പു വരുത്താന്‍ സാധിക്കുമോ എന്ന് ഒപെക് രാജ്യങ്ങള്‍ പരീക്ഷിക്കുന്നതും.
എണ്ണവില തകര്‍ച്ച മൂലം കൈക്കൊണ്ട സാമ്പത്തിക നിയന്ത്രണ നടപടികള്‍ ഗള്‍ഫ് കുതിപ്പിന് വിഘാതം സൃഷ്ടിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ പ്രവാസി സമൂഹത്തിന്റെ തൊഴില്‍, ജീവിത സാഹചര്യങ്ങളെയും അത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.