ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ വരവ് തുടരുന്നു
|ഡല്‍ഹി, ലക്‌നൗ, വാരാണസി, കൊല്‍ക്കത്ത, ശ്രീനഗര്‍, ഗുവാഹത്തി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഇപ്പോള്‍ മദീനയിലുള്ളത്.
ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ വരവ് തുടരുന്നു. ഇതിനകം പതിനയ്യായിരം ഹാജിമാര്‍ മദീനയില്‍ എത്തി. ഇന്ന് പതിമൂന്ന് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തിയത്. ആഗസ്റ്റ് രണ്ട് മുതല്‍ തീര്‍ഥാടകര്‍ മക്കയിലേക്ക് പുറപ്പെടും.
ഡല്‍ഹി, ലക്‌നൗ, വാരാണസി, കൊല്‍ക്കത്ത, ശ്രീനഗര്‍, ഗുവാഹത്തി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഇപ്പോള്‍ മദീനയിലുള്ളത്. ഏഴ് എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം വരെ അമ്പത്തിരണ്ട് വിമാനങ്ങള്‍ തീര്‍ഥാടകരുമായി സര്‍വ്വീസ് നടത്തി. ഡല്‍ഹിയില്‍ നിന്നാണ് ഇതുവരെ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്. പതിനാല് വിമാനങ്ങളിലായി 4190 ഹാജിമാരാണ് ഡല്‍ഹിയില്‍ നിന്നും ഇതിനകം മദീനയില്‍ വിമാനമിറങ്ങിയത്. ലക്‌നോവില്‍ നിന്ന് 2700 തീര്‍ഥാടകരും പ്രവാചക നഗരിയില്‍ എത്തിക്കഴിഞ്ഞു.
ആഗസ്റ്റ് എട്ടിനാണ് ഇന്ത്യയില്‍ നിന്ന് മദീനയിലേക്കുള്ള അവസാന ഹജ്ജ് വിമാനം. അറുപത്തി രണ്ടായിരം തീര്‍ഥാടകരാണ് ഇതു വഴി ഹജ്ജിനെത്തുക. ഹജ്ജിന് ശേഷം ജിദ്ദ വഴിയാണ് ഇവരുടെ മടക്കം. ഇപ്പോള്‍ മദീനയിലുള്ള തീര്‍ഥാടകര്‍ ആഗസ്റ്റ് രണ്ടു മുതല്‍ മക്കയിലേക്ക് തിരിക്കും. ജൂലൈ 24ന് മദീനയിലെത്തിയ ഹാജിമാരാണ് അന്നേ ദിവസം ബസ് മാര്‍ഗം മക്കയിലേക്ക് പുറപ്പെടുക. എട്ട് ദിവസമാണ് ഓരോ തീര്‍ഥാടകനും പ്രവാചക നഗരിയില്‍ താമസിക്കാന്‍ അവസരമുള്ളത്. നൂറോളം ഹാജിമാര്‍ ഡിസ്പന്‍സറിയിലെത്തി ചികിത്സ നേടിയതായി ഹജ്ജ് മിഷന്‍ അറിയിച്ചു. ഇതിനു പുറമെ എഴുനൂറ്റി അമ്പതോളം തീര്‍ഥാടകരെ മൊബൈല്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തി.