ഗള്‍ഫ് പ്രതിസന്ധി; കുവൈത്ത് അമീറുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി
|ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ചയെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
ഗള്‍ഫ് പ്രതിസന്ധിയില്‍ മധ്യസ്ഥ നീക്കങ്ങള്‍ നടത്തിവരുന്ന കുവൈത്ത് അമീറുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി . ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ചയെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു . ഗള്‍ഫ് പ്രതിസന്ധി പരിഹാരമില്ലാതെ നീണ്ടു പോകുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതായാണ് വിലയിരുത്തല്‍
യു എന്‍ പൊതു സഭയുടെ 72 ാമത് സെഷനെ അഭിമുഖീകരിച്ച് നിലപാട് വ്യക്തമാക്കിയ ശേഷമാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ന്യൂയോര്‍ക്കില്‍ വെച്ച് കുവൈറ്റ് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്സ്വബാഹുമായി കൂടിക്കാഴ്ച നടത്തിയത് . കുവൈത്ത് അമീർ നടത്തുന്ന മാധ്യസ്ഥ ശ്രമങ്ങളെ യു എന്‍ പ്രഭാഷണത്തില്‍ അമീര്‍ പ്രകീര്‍ത്തിച്ചിരുന്നു. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഖത്തറിനുള്ള ആത്മാര്‍ത്ഥതയും തന്റെ പേരില്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തി രാജ്യത്തിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ അയല്‍ രാജ്യങ്ങളുടെ നീക്കവും കുവൈറ്റ് അമീറിനു മുമ്പാകെ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ആവര്‍ത്തിച്ചു . യു എന്‍ പൊതു സഭയിലും ഇതേ കാര്യങ്ങള്‍ തന്നെയാണ് ഖത്തര്‍ അമീര്‍ വ്യക്തമാക്കിയിരുന്നത് രാജ്യത്തിന്റെ പരമാധികാരം അംഗീകരിച്ച് കൊണ്ടുള്ള ഏത് ചർച്ചക്കും സന്നദ്ധമാണെന്ന തുറന്ന സമീപനമാണ് ഇക്കാര്യത്തിൽ ഖത്തർ സ്വീകരിച്ചിരിക്കുന്നതെന്ന് കുവൈത്തും പ്രതികരിച്ചു. ഉപരോധ രാഷ്ട്രങ്ങളെ ചർച്ചയിലേക്ക് കൊണ്ട് വരാനുള്ള തീവ്രശ്രമമാണ് കുവൈത്ത് അമീർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിടെ അമേരിക്കൻ പ്രസിഡന്റ് നടത്തിയ പ്രസ്താവന പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് നടത്തുന്ന ശ്രമങ്ങൾക്ക് ശക്തി പകർന്നതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.