കുവൈത്തില്‍ വിരലടയാള പഞ്ചിങ്ങിനെതിരെ എതിർപ്പ് തുടരുന്നു
|ജീവനക്കാർ സമയനിഷ്ഠ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിരലടയാള പഞ്ചിങ് നിർബന്ധമാക്കി കുവൈത്ത് സിവിൽ സർവീസ് കമീഷൻ (സി.എസ്.സി) പുറപ്പെടുവിച്ച ഉത്തരവിനെയാണ് ചില എം.പിമാരും ഉദ്യോഗസ്ഥരും എതിർക്കുന്നത്
കുവൈത്തിലെ പൊതു മേഖലയിൽ ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കുന്ന വിരലടയാള പഞ്ചിങ്ങിനെതിരെ എതിർപ്പ് തുടരുന്നു. ജീവനക്കാർ സമയനിഷ്ഠ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിരലടയാള പഞ്ചിങ് നിർബന്ധമാക്കി കുവൈത്ത് സിവിൽ സർവീസ് കമീഷൻ (സി.എസ്.സി) പുറപ്പെടുവിച്ച ഉത്തരവിനെയാണ് ചില എം.പിമാരും ഉദ്യോഗസ്ഥരും എതിർക്കുന്നത്. അതേസമയം, മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവ ഉത്തരവ് നടപ്പാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
വിരലടയാള പഞ്ചിങ് പോലുള്ള കാര്യങ്ങളിലല്ലാതെ കുവൈത്ത് സിവിൽ സർവീസ് കമീഷൻ (സി.എസ്.സി) സുപ്രധാന വിഷയങ്ങളിൽ ശ്രദ്ധ പതിപ്പിക്കണമെന്ന് എം.പിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരും അവരുടെ ജോലി സ്ഥലവും തമ്മിലുള്ള ബന്ധം വിശ്വാസത്തെയും ഉൽപാദനക്ഷമതയെയും അടിസ്ഥാനമാക്കിയുള്ളതാണ്. വിരലടയാള പഞ്ചിങ് വിശ്വാസരാഹിത്യത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും സംവിധാനത്തെ എതിർക്കുന്ന എം.പിമാർ പറഞ്ഞു.
തങ്ങളുടെ ജോലിമേഖലക്ക് അനുയോജ്യമല്ല വിരലടയാള പഞ്ചിങ് സംവിധാനമെന്നാണ് ഡോക്ടർമാരും എൻജിനീയർമാരും വാദിക്കുന്നത്. പഞ്ചിങ് സംവിധാനം നടപ്പാക്കിയാൽ റോഡിലെ ഗതാഗതക്കുരുക്ക് വർധിക്കുമെന്ന് കുവൈത്തി ട്രാഫിക് സേഫ്റ്റി സൊസൈറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.