സന്ദർശക വിസയിൽ കുവൈത്തിലുള്ള 18,000 സിറിയക്കാരുടെ ഇഖാമ വീണ്ടും പുതുക്കി നൽകി
|ആഭ്യന്തര സംഘർഷം കാരണം നാട്ടിലേക്ക് തിരിച്ചുപോകാൻ സാധിക്കാതായ സിറിയക്കാർക്കാണ് മൂന്ന് മാസത്തേക്ക് കൂടി ഇഖാമ അനുവദിച്ചത്
സന്ദർശക വിസയിൽ കുവൈത്തിലുള്ള 18,000 സിറിയക്കാരുടെ ഇഖാമ വീണ്ടും പുതുക്കി നൽകി. ആഭ്യന്തര സംഘർഷം കാരണം നാട്ടിലേക്ക് തിരിച്ചുപോകാൻ സാധിക്കാതായ സിറിയക്കാർക്കാണ് മൂന്ന് മാസത്തേക്ക് കൂടി ഇഖാമ അനുവദിച്ചത്. ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നിരവധി സിറിയക്കാരാണ് കുവൈത്തിലെ കുടുംബക്കാരെ സന്ദർശിക്കുന്നതിനായി എത്തിയിരുന്നത്. ഇതിനിടെ സിറിയയിൽ ആഭ്യന്തര സംഘർഷം ഉടലെടുക്കുകയും അത് യുദ്ധമായി രൂപാന്തരപ്പെടുകയും ചെയ്തതോടെ തിരിച്ചുപോകാൻ ഇവർ ഭയപ്പെടുകയായിരുന്നു. ഇതിനിടെ വിസ കാലാവധി കഴിഞ്ഞ പലരും കുവൈത്തിൽ കുടുങ്ങി. നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതിരുന്നതിന് പുറമെ കുവൈത്തിൽ ഇവർ അനധികൃത താമസക്കാരായി മാറുകയും ചെയ്തു. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധകളിൽ ഇവർ പിടിക്കപ്പെടാനുള്ള സാധ്യത ഇല്ലാതാക്കണമെന്ന ആവശ്യം പാർലമെന്റ്-പൊതു തലങ്ങളിൽ ഉയർന്നത് ഇതിനിടെയാണ്. വിഷയത്തെ മാനുഷികമായി സമീപിച്ച ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് മൂന്ന് മാസമെന്ന തോതിൽ ഇവർക്ക് ഇഖാമ പുതുക്കിനൽകാൻ ഉത്തരവിട്ടു.
ആദ്യ ഘട്ടത്തിൽ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയത് 18,000 സിറിയക്കാരാണ്. മൂന്ന് മാസത്തെ ഇഖാമ കാലാവധി കഴിഞ്ഞതോടെ വീണ്ടും ഇതേ സമയപരിധി നിശ്ചയിച്ച് വിസ പുതുക്കി നൽകുകയായിരുന്നു. ഈ കാലയളവിൽ സിറിയൻ കുട്ടികൾക്ക് സൗജന്യ ചികിത്സയും സ്വകാര്യ സ്കൂൾ പഠനത്തിനുള്ള സൗകര്യവും ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു.