ജിസിസി റെയില്‍ പദ്ധതി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് കുവൈത്ത്
|ജിസിസി രാജ്യങ്ങളുമായി ചേര്‍ന്ന് എത്രയുംവേഗം ഇതിനാവശ്യമായ നടപടികള്‍ക്ക് തുടക്കമിടാന്‍ രാജ്യം ഒരുക്കമാണെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. അലി അല്‍ഉമൈര്‍ പറഞ്ഞു
നിര്‍ദിഷ്ട ജിസിസി റയില്‍വേ പദ്ധതി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്ത്. മറ്റു ജിസിസി രാജ്യങ്ങളുമായി ചേര്‍ന്ന് എത്രയുംവേഗം ഇതിനാവശ്യമായ നടപടികള്‍ക്ക് തുടക്കമിടാന്‍ രാജ്യം ഒരുക്കമാണെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. അലി അല്‍ഉമൈര്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ ഗതാഗത സംവിധാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്നതാണ് പദ്ധതി.
റിയാദില്‍ നടന്ന ജിസിസി പൊതുമരാമത്ത്, ഗതാഗതമന്ത്രിമാരുടെ പ്രത്യേക യോഗത്തില്‍ സംബന്ധിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങള്‍ നടപ്പാക്കിയ കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. പദ്ധതി യാഥാര്‍ഥ്യമാവുന്നത് അംഗരാജ്യങ്ങള്‍ക്കിടയിലെ യാത്രാ, ചരക്ക് നീക്കത്തിന് ഏറെ എളുപ്പമാവുമെന്നും ഇതുവഴി ജിസിസി തലത്തില്‍ സാംസ്കാരിക, വാണിജ്യ, വ്യവസായ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജിസിസി റയില്‍വേ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2018 ആരംഭത്തോടെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായുള്ള കുവൈത്ത് മെട്രോ റെയില്‍ പദ്ധതിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി ഗതാഗത വകുപ്പ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലക്ക് കുവൈത്തിന്റെ തെക്കന്‍ ഭാഗമായ നുവൈസീബ്-അല്‍ഖഫ്ജി മുതല്‍ വടക്കോട്ട് മുബാറക് അല്‍ കബീര്‍-ബൂബ്യാന്‍ ദീപ് വരെയുള്ള ഭാഗമാണ് പൂര്‍ത്തിയാക്കുക. രണ്ടാം ഘട്ടത്തില്‍ ശുവൈഖ്, ശുഐബ തുറമുഖങ്ങളില്‍നിന്ന് ആരംഭിച്ച് ഇറാഖിന്റെ അതിര്‍ത്തി പ്രദേശമായ അബ്ദലി വരെ പൂര്‍ത്തിയാക്കും. ഇതോടൊപ്പം സൗദി അതിര്‍ത്തി പ്രദേശമായ സാല്‍മി വരെയുള്ള ഭാഗവും രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി തയാറാക്കിയതെന്ന് ഹുമൈദ് അല്‍ ഖത്താന്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് ഘട്ടങ്ങളിലായി 500 കിലോമീറ്ററാണ് കുവൈത്ത് മെട്രോ റെയിലിന്റെ നീളം കണക്കാക്കിയിരിക്കുന്നത്. ജി.സി.സി റയില്‍വേ പദ്ധതി ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലായിരിക്കും. 2,177 കി.മീ ദൈര്‍ഘ്യമുള്ള ട്രാക്കിലുടെ യാത്രാടെയിനുകള്‍ക്കൊപ്പം ചരക്കുതീവണ്ടികളും ഓടും. 25 ബില്യന്‍ ഡോളര്‍ ചെലവ് കണക്കാക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജി.സി.സി രാജ്യങ്ങള്‍ തമ്മിലുള്ള അകലം ഒന്നുകൂടി കുറയും.