അന്താരാഷ്ട്ര ബാങ്ക് കവര്‍ച്ചാ സംഘം ദുബൈയില്‍ അറസ്റ്റില്‍
|തായ്‌ലന്റിലെയും വിവിധ ഏഷ്യന്‍രാജ്യങ്ങളിലെയും ബാങ്കുകളില്‍ നിന്ന് ഏകദേശം 32 ലക്ഷം ഡോളര്‍ തട്ടിയെടുത്ത കേസിലെ പ്രതികളാണ് ഇവര്‍...
അന്താരാഷ്ട്ര ബാങ്ക് കവര്‍ച്ചാ സംഘം ദുബൈയില്‍ അറസ്റ്റിലായി. തായ്‌ലന്റ്, തായ്‌വാന്‍ സ്വദേശികളായ 25 അംഗ സംഘമാണ് പിടിയിലായത്. തായ്‌ലന്റിലെയും വിവിധ ഏഷ്യന്‍രാജ്യങ്ങളിലെയും ബാങ്കുകളില്‍ നിന്ന് ഏകദേശം 32 ലക്ഷം ഡോളര്‍ തട്ടിയെടുത്ത കേസിലെ പ്രതികളാണ് ഇവര്‍.
ദുബൈയിലെ ഒരു താമസമേഖലയില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് 24 തായ്‌ലന്റ് സ്വദേശികളും ഒരു തായ്‌വാന്‍ സ്വദേശിയുമടങ്ങുന്ന അന്താരാഷ്ട്ര ബാങ്ക് കവര്‍ച്ചാ സംഘം പിടിയിലായത്. ബാങ്കുകളെ കബളിപ്പിച്ച് അക്കൗണ്ടുകളില്‍ നിന്ന് വന്‍തുക മറ്റുരാജ്യങ്ങിലെ വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റി പണം തട്ടുന്നതാണ് ഇവരുടെ രീതി. സംഘത്തിനെതിരെ തായ്‌ലന്റിലും വിവിധ ഏഷ്യന്‍ രാജ്യങ്ങളിലും കേസ് നിലവിലുണ്ട്. ഇവര്‍ ദുബൈയില്‍ ഒളിവില്‍ കഴിയുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
150 സ്മാര്‍ട്ട് ഫോണുകളും 40 ലാപ്‌ടോപ്പുകളും ഇവരുടെ താമസസ്ഥലത്ത് നിന്ന് പൊലീസ് പിടിച്ചെടുത്തു. തട്ടിപ്പുനടത്താനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണിതെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ തട്ടിപ്പുകള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് സ്ത്രീകളടക്കമുള്ള സംഘം അറസ്റ്റിലായത്.