പത്തു വർഷത്തിനുള്ളിൽ ഇറാനെതിരെ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് സൗദി കിരീടാവകാശി
|യുദ്ധം ഒഴിവാക്കാൻ ഇറാനെ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു
പത്തു വർഷത്തിനുള്ളിൽ ഇറാനെതിരെ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. യുദ്ധം ഒഴിവാക്കാൻ ഇറാനെ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാൾസ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് മുന്നറിയിപ്പ്.
യുദ്ധം ഒഴിവാക്കാൻ രാജ്യാന്തര സമൂഹം ഇറാനുമേൽ സാമ്പത്തിക, രാഷ്ട്രീയ സമ്മർദ്ദം ശക്തിപ്പെടുത്തണമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഇറാനുമേൽ കൂടുതൽ വിലക്കുകൾ ഏർപ്പെടുത്തണം. അത് അവർക്ക് കൂടുതൽ സമ്മർദ്ദമുണ്ടാക്കും. യുദ്ധം ഒഴിവാക്കാനാണ് സൌദി ശ്രമിക്കുന്നത്. ഈ ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ ഇറാനുമായി അടുത്ത 10 -15 വർഷത്തിനുള്ളിൽ യുദ്ധമുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. വാൾസ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിൽ അമീർ മുഹമ്മദ് പറഞ്ഞു. സൗദിക്കെതിരെ യമനിലെ ഹൂതികൾക്ക് ഇറാൻ ആയുധങ്ങൾ നൽകുകയാണ്. ഹൂതികളുടെ ആക്രമണങ്ങൾ ദൗർബല്യത്തിന്റെ ലക്ഷണമാണ്. അവരുടെ സംവിധാനം തകരും മുമ്പ് കഴിയുന്ന കാര്യങ്ങളൊക്കെ അവർ ചെയ്യുകയാണ്. യമനിൽ ഇടപെടാതിരിക്കാൻ സൗദിക്ക് കഴിയുമായിരുന്നില്ല. 2015 ൽ ഇടപെട്ടില്ലായിരുന്നെങ്കിൽ ഹൂതികൾക്കും അൽഖാഇദക്കുമിടയിൽ യമൻ വിഭജിച്ചുപോയേനെ. ഭീകരരുടെ സൃഷ്ടികേന്ദ്രമാണ് മുസ്ലിം ബ്രദർഹുഡ്. തീവ്രവാദത്തെ ഇല്ലായ്മ ചെയ്യേണ്ടതുണ്ടെന്നും തീവ്രവാദ ആശയങ്ങൾ ഇല്ലാതെ ആരും ഭീകരരാകില്ലയെന്നും അഭിമുഖത്തിൽ കിരീടാവകാശി കൂട്ടിച്ചേർത്തു.