അമേരിക്കന് മണ്ണിൽ നിന്നു തന്നെയാണ് ഇറാനുമായി ഭാവിയുദ്ധ സാധ്യതയെന്ന് ചൂണ്ടിക്കാട്ടി സൗദി കിരീടാവകാശി
|ആണവ കരാറിനെതിരെ രംഗത്തു വന്ന ട്രംപ് ഭരണകൂടം മേഖലയിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് സൗദി അനുകൂല രാജ്യങ്ങൾ സ്വീകരിച്ചു വരുന്നത്
മേഖലയിൽ തുടരുന്ന അനാവശ്യ ഇടപെടലുകൾ ഇറാനുമായുള്ള യുദ്ധത്തിന് വഴിവെച്ചേക്കുമെന്ന സൗദി മുന്നറിയിപ്പ് അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങൾ ഗൗരവത്തിലെടുത്തേക്കും. പശ്ചിമേഷ്യൻ പ്രതിസന്ധികളിൽ നിന്ന് മുതലെടുക്കുന്ന ഇറാനെ അമർച്ച ചെയ്യാൻ ലോകം യോജിച്ച നീക്കം നടത്തണമെന്നാണ് സൗദി അനുകൂല രാജ്യങ്ങൾ ആവശ്യപ്പെട്ടു വരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
അമേരിക്കയുടെ മണ്ണിൽ നിന്നു തന്നെയാണ് ഇറാനുമായി ഭാവിയുദ്ധ സാധ്യത ചൂണ്ടിക്കാട്ടി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ മുന്നറിയിപ്പ്. ആണവ കരാറിനെതിരെ രംഗത്തു വന്ന ട്രംപ് ഭരണകൂടം മേഖലയിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് സൗദി അനുകൂല രാജ്യങ്ങൾ സ്വീകരിച്ചു വരുന്നത്. റഷ്യക്കൊപ്പം ചേർന്ന് സിറിയയിൽ ബശ്ശാറുൽ അസദിനെ സംരക്ഷിക്കുന്ന ഇറാൻ യെമനിൽ ഹൂത്തികൾക്കും ലബനാനിൽ ഹിസ്ബുല്ലക്കും സൈനിക സഹായം നൽകുന്നു എന്ന ആരോപണവും ഉന്നയിക്കപ്പെടുന്നുണ്ട്. സിറിയയിലും യെമനിലും അമേരിക്ക കൂടുതൽ ഇടപെടണമെന്നുണ്ട് സൗദി അനുകൂല രാജ്യങ്ങൾക്ക്. മെന്നഹൂത്തികളുടെ തുടർചചയായ മിസൈൽ ആക്രമണമാണ് സൗദി, ഇറാൻ ബന്ധം കൂടുതൽ വഷളാക്കിയത്. യമനിൽ മൂന്നു വർഷമായി തുടരുന്ന യുദ്ധം സൃഷ്ടിച്ച കെടുതികൾ ഏറെയാണെങ്കിലും അതവസാനിപ്പിക്കാനുള്ള യു.എൻ ഇടപെടൽ ഇനിയും വിജയിച്ചിട്ടില്ല.
നീണ്ട എട്ടു വർഷമാണ് ഇറാനെതിരെ സദ്ദാമിന്റെ ഇറാഖ് യുദ്ധം നടത്തിയത്. ലക്ഷക്കണക്കിനാളുകളാണ് അതിലൂടെ കൊല്ലപ്പെട്ടത്. അതിന്റെ പ്രത്യാഘാതങ്ങൾ ഇന്നും തുടരുകയാണ്. ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള അകൽച്ച യാഥാർഥ്യമാണെങ്കിലും മാരക പ്രത്യാഘാതങ്ങൾക്ക് പാതയൊരുക്കുന്ന യുദ്ധത്തിലേക്ക് അത് മാറില്ല എന്നുതന്നെയാണ് സമാധാനകാംക്ഷികൾ പ്രത്യാശിക്കുന്നത്.