സൗദി 69 തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പാക്കുന്നു
|സൗദി സ്വകാര്യ മേഖലയില്‍ തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണം കൂടുതല്‍ പുതിയ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രാലയത്തിലെ സ്വദേശിവത്കരണ പദ്ധതി മേധാവി ഡോ. ഇബ്രാഹീം അശ്ശാഫി പറഞ്ഞു.
സൗദി സ്വകാര്യ മേഖലയില്‍ തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണം കൂടുതല്‍ പുതിയ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രാലയത്തിലെ സ്വദേശിവത്കരണ പദ്ധതി മേധാവി ഡോ. ഇബ്രാഹീം അശ്ശാഫി പറഞ്ഞു. ചില്ലറ വില്പന കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തെ 69 മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 2017 മധ്യത്തോടെ കൂടുതല്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുമെന്നും അശ്ശാഫി പറഞ്ഞു.
വാഹന ഇറക്കുമതി, വില്പന ഏജന്‍സികള്‍, ഉപയോഗിച്ച വാഹനങ്ങള്‍ വില്പന നടത്തുന്ന സ്ഥാപനങ്ങള്‍ (മഅ്റദുകള്‍), റന്റ് എ കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ അടുത്ത ഘട്ടത്തില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഡോ. ഇബ്രാഹീം അശ്ശാഫി പറഞ്ഞു. വാഹന വില്പന മേഖലയില്‍ മാത്രം അടുത്ത വര്‍ഷം 9,000 തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി തുറക്കും. 2017 മധ്യത്തോടെ വാഹന വില്പന, റന്റ് എ കാര്‍ എന്നീ മേഖലയില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് തൊഴില്‍ മന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്. 2,228 റന്റ് എ കാര്‍ സ്ഥാപനങ്ങള്‍, 77 വാഹന ഇറക്കുമതി ഏജന്‍സികള്‍, 1,733 ഉപയോഗിച്ച വാഹനങ്ങളുടെ വില്പന കേന്ദ്രങ്ങള്‍ എന്നിവയില്‍ സ്വദേശിവത്കരണം പൂര്‍ണമാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. വന്‍ നഗരങ്ങളിലെ പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായി നടപ്പില്‍ വരുന്ന 'കരീം' ടാക്സി സേവനവും സ്വദേശികള്‍ക്കായി സംവരണം ചെയ്യും. സ്വദേശികളും വിദേശികളും ജോലി ചെയ്യുന്ന മേഖലയില്‍ തൊഴില്‍ മല്‍സര രംഗത്ത് സ്വദേശികള്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള പിന്തുണയും സഹായവും തൊഴില്‍ മന്ത്രാലയം നല്‍കും. ട്രാവല്‍ ഓഫീസുകള്‍, ടൂറിസം സര്‍വീസ് എന്നിവയും അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരണത്തിന്റെ പട്ടികയില്‍ വരുമെന്ന് ഡോ. ഇബ്രാഹീം അശ്ശാഫി പറഞ്ഞു.