വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷക്ക് അപേക്ഷിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമില്ലെന്ന് സിബിഎസ്ഇ
|ഒമ്പത് , പതിനൊന്ന് ക്ലാസുകളിലെ ഓൺലൈൻ രജിസ്ട്രേഷനും, പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുമ്പോഴും ആധാറിന് പകരം വിദ്യാർഥികൾ പാസ് പോർട്ട് നമ്പർ നൽകിയാൽ മതിയെന്ന് സർക്കുലർ നിർദേശിക്കുന്നു.
ആധാർകാർഡ് വിഷയത്തിൽ വ്യക്തത വരുത്തി സിബിഎസ്ഇ. വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷക്ക് അപേക്ഷിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമില്ലെന്ന് കാട്ടി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ മെയ് 15ന് ഉത്തരവ് പുറപ്പെടുവിച്ചു.
വിദ്യാർഥികൾ ആധാർ കാർഡ് എടുക്കണമെന്ന് ഉപദേശിച്ചുള്ള സർക്കുലർ സിബിഎസ്ഇ കഴിഞ്ഞ വർഷം സെപ്തംബറിലാണ് പുറപ്പെടുവിച്ചത് . ഇതേ തുടർന്ന് ഈ തീരുമാനത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും കാണിച്ച് വിദേശത്തെ നിരവധി സ്കൂളുകളിൽ നിന്ന് പരാതികൾ വന്ന സാഹചര്യത്തിലാണ് തീരുമാനം എൻ.ആർ. ഐ വിദ്യാർഥികൾക്ക് ബാധകമല്ലെന്ന് കാട്ടിയുള്ള പുതിയ സർക്കുലർ പുറപ്പെടുവിച്ചത് . ഒമ്പത് , പതിനൊന്ന് ക്ലാസുകളിലെ ഓൺലൈൻ രജിസ്ട്രേഷനും, പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുമ്പോഴും ആധാറിന് പകരം വിദ്യാർഥികൾ പാസ് പോർട്ട് നമ്പർ നൽകിയാൽ മതിയെന്ന് സർക്കുലർ നിർദേശിക്കുന്നു. സിബിഎസ്ഇ ആദ്യം പുറപ്പെടുവിച്ച സർക്കുലറിനെ അടിസ്ഥാനമാക്കി മസ്കത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് നൽകിയ നിർദേശം ഏറെ ആശയകുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള രജിസ്ട്രേഷന് സിബിഎസ്ഇ ആധാർ നിർബന്ധമാക്കിയിട്ടുണ്ട് . അതിനാൽ അവധിക്ക് നാട്ടിൽ പോകുന്നവർ ആധാർ എൻറോൾമെൻറ് നടപടികൾ നടത്തണമെന്നായിരുന്നു സർക്കുലറിന്റെ ഉള്ളടക്കം. മറ്റ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളോടും എൻറോൾമെന്റ് നടത്താൻ നിർദേശമുണ്ടായിരുന്നു. ആശയക്കുഴപ്പത്തെ തുടർന്ന് ആധാർ കാർഡ് ലഭിക്കുന്നതിന് വിദേശ ഇന്ത്യക്കാർക്ക് നിയമപരമായ അവകാശമില്ലെന്ന് ഇന്ത്യൻ എംബസി പത്രകുറിപ്പിൽ അറിയിച്ചിരുന്നു.