Gulf
ഖത്തർ ഉപരോധം: പ്രശ്നപരിഹാരം നീണ്ടേക്കുമെന്ന ആശങ്ക ശക്തമാവുന്നുഖത്തർ ഉപരോധം: പ്രശ്നപരിഹാരം നീണ്ടേക്കുമെന്ന ആശങ്ക ശക്തമാവുന്നു
Gulf

ഖത്തർ ഉപരോധം: പ്രശ്നപരിഹാരം നീണ്ടേക്കുമെന്ന ആശങ്ക ശക്തമാവുന്നു

Khasida
|
30 May 2018 4:56 AM GMT

ഉപാധികൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന്​ സൗദി; അന്യായമായ ആരോപണങ്ങളുടെ പേരില്‍ വിട്ടുവീഴ്ച്ചക്കില്ലെന്ന് ഖത്തര്‍

ഖത്തറുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിന്​ സൗദിപക്ഷം കൃത്യമായ ഉപാധികൾ മുന്നോട്ടുവെച്ചതോടെ പ്രശ്നപരിഹാരം നീണ്ടേക്കുമെന്ന്​ ആ​ശങ്ക. അന്യായമായ ആരോപണങ്ങളുടെ പേരിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിൽ ഖത്തറും ഉറച്ചു നിൽക്കുകയാണ്​.

കുവൈത്ത് ​അമീറിന്റെ സമവായ നീക്കങ്ങളോട്​ സൗദി, യു.എ.ഇ, ബഹ്റൈൻ രാജ്യങ്ങൾക്ക്​ അനുഭാവമുണ്ട്​. എങ്കിലും ഉപാധികൾ ഉൾക്കൊണ്ട്​ മുന്നോട്ടു പോകാതെ ഖത്തറുമായി അനുരഞ്ജനം സാധ്യമല്ലെന്ന്​ അവർ വ്യക്തമാക്കുന്നു. ബന്ധം സാധാരണ നിലയിലാക്കുന്ന കാര്യം പരിഗണിക്കുന്നതി ന്​ഖത്തർ ലംഘിക്കപ്പെടാത്ത രൂപരേഖ സമർപ്പിക്കണമെന്നാണ്​യു.എ.ഇയുടെ ആവശ്യം.

നഷ്ടപ്പെട്ട ബന്ധം വീണ്ടെടുക്കാൻ ഉറപ്പുള്ള മാർഗരേഖ അനിവാര്യമാണ്​. സൗദി, ബഹ്റൈൻ, ഈജിപ്ത്​ എന്നിവയും ഇതുതന്നെ ആവർത്തിക്കുന്നു. ഗൾഫിന്റെ സുരക്ഷക്കും സുസ്ഥിരതക്കും ഭംഗം വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന്​ വിട്ടു നിൽക്കുക, അയൽരാജ്യങ്ങൾക്കും സഹോദരരാജ്യങ്ങൾക്കും ദോഷകരമായ പെരുമാറ്റം ഉപേക്ഷിക്കുക, തെറ്റായ മാധ്യമ പ്രചാരണത്തിന്​ കൂച്ചുവിലങ്ങിടുക എന്നിവയാണ്​ ബന്ധം പുനഃസ്ഥാപിക്കുന്നതിന്​ ഈ രാജ്യങ്ങൾ തേടുന്ന ഉപാധികൾ.

സൗദി, ഖത്തര്‍ ഭരണാധികാരികളുമായി കുവൈറ്റ് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് ടെലിഫോണ്‍ സംഭാഷണം നടത്തിയാണ് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ചര്‍ച്ചകള്‍ക്കായി അദ്ദേഹം സൗദിയില്‍ നേരിട്ടെത്താനും തീരുമാനിക്കുകയായിരുന്നു.

ഖത്തറുമായി നല്ല ബന്ധം തുടരുന്ന തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പ്രശ്‌നപരിഹാരത്തിന് മുന്‍കയ്യെടുക്കുന്നുണ്ട് . സൗദിക്കും ഖത്തറിനും പുറമെ റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ തലവന്‍മാരുമായും ഉര്‍ദുഗാന്‍ ടെലിഫോണ്‍ സംഭാഷണം നടത്തി . എന്നാല്‍ ചര്‍ച്ചകള്‍ക്കിടിയിലും സൗദി അറേബ്യയും യു എ ഇയും നിലപാട് കടുപ്പിക്കുകയാണ്.

ഖത്തര്‍ എയര്‍വെയ്സിന്റെ സൗദിയിലെ ലൈസന്‍സ് റദ്ദാക്കിയും രാജ്യത്തെ മുഴുവന്‍ ഓഫീസുകളും അടച്ചുപൂട്ടിയുമാണ് സൗദി സിവില്‍ ഏവിയേഷന്‍ അതോറിട്ടി മുന്നോട്ട് പോയത്. യു എ ഇ യാകട്ടെ അല്‍ ജസീറ അറബിക്, ഇംഗ്ലീഷ് ചാനലുകള്‍ക്കു പുറമെ അല്‍ജസീറയുടെ ബീന്‍സ്‌ സ്പോര്‍ട്‌സ് ചാനലിനും വിലക്കേര്‍പ്പെടുത്തി.

എന്നാല്‍ തങ്ങള്‍ക്കെതിരെ പെട്ടെന്നുണ്ടായ പ്രകോപനമെന്താണെന്ന് വ്യക്തമല്ലെന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്. നല്ല ബന്ധം തുടര്‍ന്നു വന്നിരുന്ന ജിസിസി സംവിധാനത്തിന്റെ ഭാവി ചോദ്യചിഹ്നമാവുകയാണ് ഖത്തറിനെതിരായ നീക്കങ്ങളിലൂടെയെന്ന് അദ്ദേഹം പ്രതികരിച്ചു. സൗദി അറേബ്യ ഖത്തറിലേക്കുള്ള വഴി അടച്ചത് കാര്യമായി കാണേണ്ടതില്ലെന്നും അന്തര്‍ദേശീയ കപ്പല്‍ മാര്‍ഗ്ഗവും വ്യോമമാര്‍ഗ്ഗവും തുറന്നു കിടക്കുന്നതിനാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നുമാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി അല്‍ ജസീറ ചാനലിലുമായി സംസാരിക്കവെ ഓര്‍മ്മിപ്പിച്ചത്.

എന്നാൽ നീതീകരിക്കാനാവാത്ത ആരോപണങ്ങളാണ്​ ഉന്നയിക്കപ്പെട്ടതെന്ന് ​ഖത്തർ വ്യക്തമാക്കിയിരിക്കെ, അനുരജ്ഞന നീക്കം അത്ര എളുപ്പമാകില്ല. ഗൾഫ്​ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന ആദ്യ പ്രസ്താവനയിൽ നിന്ന്​ അമേരിക്ക പിന്നോട്ടു പോയതും ശ്രദ്ധേയമാണ്​. അതേ സമയം മേഖലയിലെ തങ്ങളുടെ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്ന ഖത്തറിനെ കൈവിടാനും അമേരിക്കക്ക്​എളുപ്പമാകില്ല.

Similar Posts