പ്രതിസന്ധികള്‍ക്കിടയില്‍ ഖത്തറിന്റെ പെരുന്നാളാഘോഷം
|ഖത്തറിന്റെ വിവിധ ഭാഗങ്ങളിലെ ഈദുഗാഹുകളിലും പള്ളികളിലും പുലര്‍ച്ചെ 5 മണിക്കാണ് പെരുന്നാള്‍ നമസ്കാരം നടന്നത്
രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ഖത്തര്‍ ഇത്തവണ പെരുന്നാള്‍ ആഘോഷിച്ചത്. ഈദ് ഗാഹുകളിലും പള്ളികളിലും രാവിലെ 5 മണിക്ക് നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ആയിരങ്ങള്‍ പങ്കാളികളായി. രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായിരുന്നു ഖത്തറിലെ പെരുന്നാള്‍ ആഘോഷം.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിലെ ഈദുഗാഹുകളിലും പള്ളികളിലും പുലര്‍ച്ചെ 5 മണിക്കാണ് പെരുന്നാള്‍ നമസ്കാരം നടന്നത്. റമദാനിലൂടെ ആര്‍ജ്ജിച്ച സഹനത്തിന്റെയും സഹാനുഭൂതിയുടെയും കരുത്ത് തുടര്‍ജീവിതത്തില്‍ മുതല്‍ക്കൂട്ടാകണമെന്ന് ഇമാമുമാര്‍ ഓര്‍മിപ്പിച്ചു. മലയാളികള്‍ കൂടുതലായെത്തിയ വിവിധ ഈദുഗാഹുകളില്‍ ഖുതുബയുടെ മലയാള പരിഭാഷ നടന്നു.
ഖത്തര്‍ ഭരണകൂടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ചിത്രങ്ങള്‍ പതിച്ച ടീഷര്ട്ടുകളണിഞ്ഞാണ് യുവാക്കളും കുട്ടികളും ഈദ് ഗാഹുകളിലെത്തിയത്. ഖത്തറിലെ വിവിധ രാജ്യക്കാരായ പ്രവാസികളും ഇവര്‍ക്ക് പിന്തുണയുമായി എത്തി.