അനധികൃത ഹജ്ജ് ഹംലകള്‍ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി കുവൈത്ത്
|തീർത്ഥാടകർക്കായി വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിച്ചതായി കുവൈത്ത് വ്യോമയാന വകുപ്പ് അറിയിച്ചു
അനധികൃത ഹജ്ജ് ഹംലകൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി കുവൈത്ത് മതകാര്യമന്ത്രാലയം . പ്രത്യേക അനുമതിയില്ലാതെ വിശ്വാസികളെ തീർത്ഥാടനത്തിന് കൊണ്ടുപോകുന്ന ഗ്രൂപ്പ് ഉടമകൾക്ക് ഒരു വർഷം തടവും അമ്പതിനായിരം ദീനാർ വരെ പിഴയും ശിക്ഷ ലഭിക്കും. തീർത്ഥാടകർക്കായി വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിച്ചതായി കുവൈത്ത് വ്യോമയാന വകുപ്പ് അറിയിച്ചു .
2015ലെ പരിഷ്കരിച്ച ഹജ്ജ് ക്രമീകരണ നിയമപ്രകാരം അനധികൃത ഹജ്ജ് ഹംലകൾക്കെതിരെകടുത്ത നടപടിയുണ്ടാകുമെന്ന് ഔഖാഫ്-ഇസ്ലാമികാര്യ മന്ത്രി മുഹമ്മദ് അൽ ജബ്രിയാണ് മുന്നറിയിപ്പ് നൽകിയത് .ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർ തങ്ങളെ കൊണ്ടുപോകുന്ന ഹംലകൾക്ക് നിയമപ്രകാരമുള്ള അനുമതിയുണ്ടോയെന്ന് ഉറപ്പാക്കണം. അവസാന വേളയിൽ ഹംലകൾ നിയമലംഘനത്തിന് പിടിക്കപ്പെട്ടാൽ ഹജ്ജ് കർമം നിർവഹിക്കാനുള്ള അവസരം നഷ്ടപ്പെടാനിടയുണ്ടെന്നും മന്ത്രി ഓർമപ്പെടുത്തി. കുവൈത്തിൽ നിന്നും ഹജ്ജിനായി സൗദിയിലേക്ക് പോകുന്നവർ ഹജ്ജ് വേളയെ മറ്റ് ലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്താതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ലഘുലേഖ വിതരണം, വിഭാഗീയ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഔകാഫ് മന്ത്രി നിർദേശിച്ചു .
അതിനിടെ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ടു വിമാനത്താവളത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി വ്യോമയാന വകുപ്പ് മേധാവി എൻജിനീയർ യൂസുഫ് അൽ ഫൗസാൻ അറിയിച്ചു രാജ്യത്തുനിന്നുള്ള ഹാജിമാരെ സൗദിയിലെത്തിക്കുന്നതിനുള്ള വിമാന ഷെഡ്യൂളുകൾക്ക് രൂപമായിട്ടുണ്ട്. കുവൈത്ത് എയർവേയ്സ്, സൗദി എയർവേയ്സ്, നാസ് എയർവേയ്സ്, അൽ ജസീറ എന്നീ വിമാന കമ്പനികളുമായും വിവിധ ഹജ്ജ് ഹംലകളുമായും ഇത് സംബന്ധിച്ച ധാരണയിൽ എത്തിയിട്ടുണ്ട് . തീർത്ഥാടകർക്ക് യാത്രനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിനായി 20 അധിക കൗണ്ടറുകൾ ഏർപ്പെടുത്തും വിമാനത്തിൽ കയറുന്നതിെൻറ 24 മണിക്കൂറോ 48 മണിക്കൂറോ മുമ്പായി ബോർഡിങ് പാസ് ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ ഡയറക്ടർ പറഞ്ഞു