കണ്ണൂര്‍, കരുണ വിവാദം കത്തുന്നതിനിടെ പ്രതിപക്ഷ നേതാക്കള്‍ ദുബൈയില്‍
|കണ്ണൂര്‍, കരുണ കോളജ് വിവാദം കത്തുന്നതിനിടെ പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം ദുബൈയില്‍ തമ്പടിക്കുന്നു.
കണ്ണൂര്‍, കരുണ കോളജ് വിവാദം കത്തുന്നതിനിടെ പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം ദുബൈയില്‍ തമ്പടിക്കുന്നു. പാര്‍ട്ടി ചാനലിന്റെ വാര്‍ഷികത്തില്‍ പങ്കെടുക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയതെങ്കില്‍ ചെങ്ങന്നൂരിലെ പ്രവാസികള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൂടി ലക്ഷ്യമിട്ടാണ് ബിജെപി നേതാക്കളുടെ ഗള്‍ഫ് സന്ദര്‍ശനം.
ജയ്ഹിന്ദ് ടിവി പത്താം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനാണ് കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കള്‍ ദുബൈയിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് പുറമെ വി ടി ബല്‍റാം അടക്കം നിരവധി എംഎല്‍എമാരും യുഎഇയിലുണ്ട്. ദുബൈ രാജകുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന കല്പകഞ്ചേരി സ്വദേശി അസ്ലമിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കൂടിയാണ് രാഷ്ട്രീയ പ്രമുഖര്‍ എത്തിയത്. ബിസിനസ് സ്ഥാപനങ്ങളുടെ ഉദ്ഘാടനമടക്കം വിവിധ സ്വകാര്യചടങ്ങുകളിലും ഇവര്‍ പങ്കെടുക്കുന്നു. എന്നാല്‍, കരുണ കോളജ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല.
മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ 'ഹരിത ചന്ദ്രിക' പരിപാടിയുടെ ഭാഗമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമടക്കം മിക്ക ലീഗ് നേതാക്കളും ദുബൈയിലുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സി കെ പത്മനാഭനും രണ്ട് ദിവസമായി ദുബൈയിലാണ്. കരുണ കോളജ് വിധി സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് കുമ്മനം കുറ്റപ്പെടുത്തി.
ഇന്ന് അജ്മാനില്‍ ചെങ്ങന്നൂര്‍ സ്വദേശികളുടെ സംഗമത്തില്‍ കുമ്മനം രാജശേഖരന് സംസാരിക്കുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ യോഗം.