അറബ് സമ്മിറ്റ്; മന്ത്രിതല സമ്മേളനം റിയാദില്‍ പൂര്‍ത്തിയായി
|ജോര്‍ദ്ദാനില്‍ ചേര്‍ന്ന 28ാമത് ഉച്ചകോടി തീരുമാനങ്ങള്‍ മന്ത്രിതല യോഗം വിലയിരുത്തി
ഞായറാഴ്ച നടക്കുന്ന അറബ് സമ്മിറ്റിന് മുന്നോടിയായുള്ള മന്ത്രിതല സമ്മേളനം റിയാദില്‍ പൂര്‍ത്തിയായി. ജോര്‍ദ്ദാനില്‍ ചേര്‍ന്ന 28ാമത് ഉച്ചകോടി തീരുമാനങ്ങള്‍ മന്ത്രിതല യോഗം വിലയിരുത്തി. പരിസ്ഥിതി പ്രശ്നങ്ങളും അറബ് മേഖലയിലെ രാഷ്ട്രീയ അസ്ഥിരതയുമാണ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുകയെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അറിയിച്ചു. ഫലസ്തീന് നേരെ നടക്കുന്ന ഇസ്രയേല്‍ കയ്യേറ്റവും ചര്‍ച്ചയിലുണ്ടാകും.
29ആമത് അറബ് സമ്മിറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകളാണ് റിയാദില്‍ പൂര്‍ത്തിയായത്. മന്ത്രിതല സമ്മേളനമായിരുന്നു റിയാദ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍. ഞായറാഴ്ച ദമ്മാമിലെ ദഹ്റാനിലാണ് അറബ് ഉച്ചകോടി. അറബ് രാജ്യങ്ങളുടെ പൊതുതാല്‍പര്യങ്ങള്‍ക്കാരി രൂപീകരിച്ച സാമ്പത്തിക സഹകരണം ലക്ഷ്യത്തിലേക്ക് കുതിക്കുകയാണെന്ന് യോഗം വിലയിരുത്തി. വിദേശ നിക്ഷേപം, വ്യവസായം, കസ്റ്റംസ് ഏകീകരണം, സ്വതന്ത്ര വിപണി തുടങ്ങി വിവധ രംഗത്തെ സഹകരണം ശക്തമായത് ഇതിന്റെ ഭാഗമാണ്. വ്യവസായ സംരഭങ്ങളോടെ അറബ് മേഖലയിലുണ്ടാകുന്ന മലിനീകരണം സമ്മിറ്റിന്റെ പ്രഥമ അജണ്ടയിലുണ്ട്. ഇതിനുള്ള പ്രശ്ന പരിഹാരം ഉച്ചകോടിയില്‍ ചര്‍ച്ചയാകും. അറബ് രാജ്യങ്ങളിലെ സാമ്പത്തിക സാമൂഹിക വികസന കാര്യങ്ങളാണ് രണ്ടാമത്തെ വിഷയം. മേഖലയിലെ രാഷ്ട്രീയ അസ്ഥിരതകളും ഫലസ്തീനിലെ ഇസ്രായേല്‍ നടപടിയും ചര്‍ച്ചയാകും.