ഗള്‍ഫില്‍ അന്താരാഷ്ട്ര നെഴ്സ് ദിനം ആഘോഷിച്ചു
|ആരോഗ്യ ബോധവത്കരണം ഉള്‍പ്പെടെയുള്ള വ്യത്യസ്ത പരിപാടികളാണ് നഴ്സുമാരുടെ നേതൃത്വത്തില്‍ നടന്നത്.
ഗള്‍ഫ് രാജ്യങ്ങളിലെ ആശുപത്രികളില്‍ അന്താരാഷ്ട്ര നഴ്സിങ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആരോഗ്യ ബോധവത്കരണം ഉള്‍പ്പെടെയുള്ള വ്യത്യസ്ത പരിപാടികളാണ് നഴ്സുമാരുടെ നേതൃത്വത്തില്‍ നടന്നത്.
പ്രശ്നങ്ങള്‍ക്കും പരിമിതികള്‍ക്കിടയിലും ആത്മാഭിമാനത്തോടെയാണ് മാലാഖമാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന നഴ്സുമാര്‍ അന്താരാഷ്ട്ര നഴ്സിംങ് ദിനം ആഘോഷിച്ചത്. റിയാദിലെ ഹാര സഫ മക്ക പോളിക്ലിനിക്കിലെ നഴ്സുമാര്‍ ഡയറ്റ് അവയര്‍നെസ് കാമ്പയിന്‍ സംഘടിപ്പിച്ചാണ് അന്താരാഷ്ട്ര നഴ്സിംങ് ദിനം ആചരിച്ചത്. മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ പി. മുകുന്ദന്‍ പരിപാടി ഉത്ഘാടനം ചെയ്തു. മാറി വരുന്ന ഭക്ഷണ രീതിയും ജീവിതശൈലിയും കാരണം രോഗങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യം കണക്കിലെടുത്താണ് നഴ്സസ് ദിനത്തോടനുബന്ധിച്ച് ഇങ്ങനെ ഒരു ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.
ഷിഫാ അല്‍ജസീറ പോളിക്ലിനിക്കില്‍ നടന്ന ആഘോഷ പരിപാടികള്‍ നഴ്സുമാരായ മിനി, റെജി, സുധാമണി എന്നിവര്‍ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ ആശുപത്രികളിലും പോളിക്ലിനിക്കുകളിലും വ്യത്യസ്ത പരിപാടികള്‍ അരങ്ങേറി.