ഒമാൻ-ഇന്ത്യ സ്പോർട്സ് മീറ്റ് സംഘടിപ്പിക്കുന്നു
|ഇന്ത്യൻ എംബസി, ഒമാൻ കായിക മന്ത്രാലയം, ഇന്ത്യൻ സോഷ്യൽക്ലബ് എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ സോഷ്യൽക്ലബ് മലയാളം വിഭാഗമാണ് മേള സംഘടിപ്പിക്കുന്നത്
സ്വാതന്ത്ര്യത്തിന്റെ 70 ആം വാര്ഷിക ആഘോഷത്തിന്റെ ഭാഗമായി ഒമാൻ-ഇന്ത്യ സ്പോർട്സ് മീറ്റ് എന്ന പേരിൽ കായിക മേള സംഘടിപ്പിക്കുന്നു. ഇന്ത്യൻ എംബസി, ഒമാൻ കായിക മന്ത്രാലയം, ഇന്ത്യൻ സോഷ്യൽക്ലബ് എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ സോഷ്യൽക്ലബ് മലയാളം വിഭാഗമാണ് മേള സംഘടിപ്പിക്കുന്നത്.
ഒമാൻ-ഇന്ത്യ സൗഹൃദത്തിലെയും സഹകരണത്തിലെയും പുതിയ നാഴികകല്ലാകും കായിക മേളയെന്ന് അംബാസഡർ ഇന്ദ്രമണി പാണ്ഡെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കായിക മേളയുടെ ലോഗോ പ്രകാശനവും അംബാസഡർ നിർവ്വഹിച്ചു. അഞ്ചു മാസം നീളുന്ന കായിക മാമാങ്കത്തിന് മെയ് നാലിനാണ് ഔദ്യോഗിക തുടക്കമാവുക. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ വൈകുന്നേരം ആറിന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും. ഗോകുലം കേരള എഫ്.സി ടീമും ഒമാനിലെ പ്രമുഖ ഫുട്ബോൾ ക്ലബുമായുള്ള സൗഹൃദ മത്സരവും അന്നേ ദിവസം അരങ്ങേറും. ഫുട്ബാൾ, ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റൺ, വോളിബാൾ, അത്ലറ്റിക്സ് എന്നീ ഇനങ്ങളിലാണ് മൽസരം നടക്കുക. ഒക്ടോബർ അവസാനം നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ വ്യക്തിഗത വിജയികൾക്കും ടീമുകൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ഒമാനിലെയും ഇന്ത്യയിലെയും വിവിധ കായിക പ്രതിഭകളെ സമാപന ചടങ്ങിൽ ആദരിക്കും. ഇരു രാജ്യങ്ങളിലെയും സർക്കാർ തലത്തിലെ വിശിഷ്ട വ്യക്തികളും സമാപന ചടങ്ങിന്റെ ഭാഗമാകും. ഇന്ത്യ,ഒമാൻ ദേശീയ ഫുട്ബാൾ ടീമുകളുടെ സൗഹൃദ മൽസരവും സമാപന ചടങ്ങിന്റെ ഭാഗമായി ഉണ്ടാകും. ഇന്ത്യൻ സോഷ്യൽക്ലബ് ചെയർമാൻ ഡോ.സതീഷ് നമ്പ്യാർ, മലയാളം വിഭാഗം കൺവീനർ ടി.ഭാസ്കരൻ, കായിക മന്ത്രാലയം സ്പോർട്സ് ഡെവലപ്മെന്റ് ആൻറ് വെൽഫെയർ വിഭാഗം അസി.ഡയറക്ടർ ജനറൽ ഹിഷാം അൽ സിനാനി, മലയാളം വിഭാഗം സ്പോർട്സ് സെക്രട്ടറി രഘുപ്രസാദ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.