ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു
|എണ്ണ ഉൽപാദനം കുറച്ച നടപടി തുടരാനുള്ള ഒപെക് തീരുമാനവും ചൈന ഉൾപ്പെടെ രാജ്യങ്ങളിൽ ആവശ്യകത കൂടിയതുമാണ് വിപണിയിൽ നിരക്കു വർധനക്ക് ഇടയാക്കിയത്
ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങളുടെ ചങ്കിടിപ്പ്കൂട്ടി ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ബാരലിന് 75 ഡോളറിനു മുകളിലാണ് ഇന്നത്തെ നിരക്ക്. 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
എണ്ണ ഉൽപാദനം കുറച്ച നടപടി തുടരാനുള്ള ഒപെക് തീരുമാനവും ചൈന ഉൾപ്പെടെ രാജ്യങ്ങളിൽ ആവശ്യകത കൂടിയതുമാണ് വിപണിയിൽ നിരക്കു വർധനക്ക് ഇടയാക്കിയത്. നിലവിലെ സാഹചര്യത്തിൽ എണ്ണവില ഇതിയും ഉയരാനാണ് സാധ്യത. സൗദി ഉൾപ്പെടെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾ വിലവർധനവിനെ സ്വാഗതം ചെയ്യുകയാണ്. എൺപതു മുതൽ നൂറ് ഡോളർ വരെ നിരക്ക് ഉയർന്നേക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ആണവ കരാറിൽ നിന്ന് പിൻവാങ്ങി ഇറാനു മേൽ ഉപരോധം പുന:സ്ഥാപിക്കാനുള്ള യു.എസ് നീക്കവും എണ്ണനിരക്കുവർധനക്ക് കാരണമായിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇത് പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും വഴിയൊരുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
അതേ സമയം സൗദി ഉൾപ്പെടെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളൊക്കെയും ആഹ്ലാദത്തിലാണ്. പോയ വർഷം മുതൽ ഉൽപാദനം കുറച്ച് വിപണിയിൽ വില സന്തുലിതത്വം ഉറപ്പാക്കാൻ ആവിഷ്കരിച്ച നീക്കങ്ങൾ വിജയം കണ്ടതായി അവർ വ്യക്തമാക്കുന്നു. റഷ്യയുമായി ചേർന്ന് ഉൽപാദനം കുറക്കുന്ന നടപടി തുടരാൻ കഴിഞ്ഞ ദിവസം ഒപെക് രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. പോയ വർഷം ജനുവരി മുതലാണ് ഉൽപാദനം കുറക്കാനുള്ള ഒപെക് തീരുമാനം നടപ്പിൽ വന്നത്.