Gulf
സൌദിയില്‍ ചാവേര്‍ സ്ഫോടനം; നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടുസൌദിയില്‍ ചാവേര്‍ സ്ഫോടനം; നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
Gulf

സൌദിയില്‍ ചാവേര്‍ സ്ഫോടനം; നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

admin
|
30 May 2018 7:04 PM GMT

സൌദി മദീനയിലെ മസ്ജിദുന്നബവിക്ക് സമീപത്തുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.

സൌദി മദീനയിലെ മസ്ജിദുന്നബവിക്ക് സമീപത്തുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തീര്‍ഥാടകര്‍ സുരക്ഷിതരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തീഫിലെ പള്ളിയിലും ഇന്നലെ ചാവേര്‍ സ്ഫോടനം നടന്നു.

തിങ്കളാഴ്ച വൈകീട്ട് നോമ്പുതുറയുടെ സമയത്താണ് മദീനയിലും ഖത്തീഫിലും സ്ഫോടനങ്ങളുണ്ടായത്. വൈകീട്ട് 7.20ഓടെയാണ് മസ്ജിദുന്നബവി മതില്‍ കെട്ടിന് പുറത്ത് സ്ഫോടനമുണ്ടായത്. ജന്നത്തുല്‍ ബഖീഅ് ഖബര്‍സ്ഥനിന് സമീപത്തുള്ള സുരക്ഷാ സേനയുടെ കേന്ദ്രത്തിന് സമീപത്തായാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. പാര്‍ക്കിങ് ഏരിയയില്‍ സംശാസ്പദമായ സാഹചര്യത്തില്‍ കണ്ട വ്യക്തിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടയാനെത്തിയപ്പോള്‍ അയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൌദി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി പറഞ്ഞു. സംഭവത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും അഞ്ചു പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. നോമ്പുതുറക്കായി വിശ്വാസികള്‍ മസ്ജിദിന്റെ കോമ്പൌണ്ടിനുള്ളില്‍ എത്തിയതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു. തീര്‍ഥാടകരെല്ലാം സുരക്ഷിതരാണെന്നും ആഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും സംഭവ സ്ഥലവും മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ സന്ദര്‍ശിച്ചു. മദീനയിലുണ്ടായ ആക്രമണത്തില്‍ വിവിധ രാജ്യങ്ങള്‍ അപലപിച്ചു. സൌദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലും ഇന്നലെ നോമ്പ് തുറ സമയത്ത് ചാവേര്‍ സ്ഫോടനമുണ്ടായി. ഫറജ് അല്‍ അല്‍ അംറാന്‍ മസ്ജിദിന് പുറത്ത് രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്തുള്ള സുലൈമാന്‍ അല്‍ ഹബീബ് ആശുപത്രിയുടെ പാര്‍ക്കിംങ് ഏരിയയിലും ചാവേര്‍ സ്ഫോടനം നടന്നിരുന്നു.

Similar Posts