കുവൈത്തില്‍ ഈ വര്‍ഷം റോഡപകടങ്ങളില്‍ 275 മരണം
|രതിദിനം ഒരാളെങ്കിലും വാഹനാപകടങ്ങളിൽ മരിക്കുന്നതായാണ് ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്മെന്റ് തയാറാക്കിയ സ്ഥിതിവിവരക്കണക്ക് പറയുന്നത്
കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വർഷമുണ്ടായ റോഡപകടങ്ങളിൽ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 275 മരിച്ചെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം ഒരാളെങ്കിലും വാഹനാപകടങ്ങളിൽ മരിക്കുന്നതായാണ് ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്മെന്റ് തയാറാക്കിയ സ്ഥിതിവിവരക്കണക്ക് പറയുന്നത്.
2016 ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവിൽ ചെറുതും വലുതുമായി 60000 വാഹനാപകടങ്ങളാണ് രേഖപ്പെടുത്തപ്പെട്ടത് . അശ്രദ്ധമായി വാഹനം ഓടിക്കുന്നത് മൂലമുണ്ടായതാണ് അപകടങ്ങളിലധികവും. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, റെഡ് സിഗ്നല്‍ മറികടക്കൽ , അമിത വേഗത തുടങ്ങിയവയും അപകടമരണങ്ങൾക്ക് കാരണമായിട്ടുണ്ട് . 21നും മുപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലായും അപകടത്തിൽ പെട്ടത്. മരണ സംഖ്യയിലും യുവാക്കളാണ് മുന്നിലെന്നും സ്ഥിതിവിവരക്കണക്കിൽ പറയുന്നു .അതിനിടെ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ചു ആഭ്യന്തര മന്ത്രാലയം റോഡ് സുരക്ഷാ കാമ്പയിൻ ആരംഭിച്ചു . കാമ്പയിന്റെ ഭാഗമായി വിവിധ സംഘടനകളുമായും സർക്കാർ ഡിപ്പാർട്ട്മെന്റുകളുമായും സഹകരിച്ച് വിവിധ ബോധവൽക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. സ്‌കൂൾ തുറക്കുന്നതോടെയുണ്ടാകുന്ന ഗതാഗതത്തിരക്ക് നേരിടാന്‍ ട്രാഫിക് വകുപ്പ് പ്രത്യേകം ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് വിഭാഗം കൈക്കൊള്ളുന്ന നടപടികളുമായി ജനങ്ങൾ സഹകരിക്കണമെന്ന് ആഭ്യന്തര വകുപ്പ് അഭ്യര്‍ഥിച്ചു.