നിതാഖാത്ത് വ്യവസ്ഥ പുതിയ ഘട്ടത്തിലേക്ക്
|സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് വ്യവസ്ഥ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.
സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് വ്യവസ്ഥ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. സന്തുലിത നിതാഖാത്ത് എന്ന പേരിലുള്ള പുതിയ സംവിധാനം നടപ്പാക്കുന്നതിന്റെ മുന്നോടിയായുള്ള അഭിപ്രായ ശേഖരണം വ്യാഴാഴ്ച അവസാനിക്കുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ പൊതുകാര്യ സുപ്പര്‍വൈസര്‍ നായിഫ് അബ്ദുല്‍ അസീസ് അറിയിച്ചു.
മുഖ്യമായും അഞ്ച് കാര്യങ്ങളാണ് സന്തുലിത നിതാഖാത്ത് സംവിധാനത്തില്‍ പരിഗണിക്കുക. സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികളുടെ ശതമാനം, സ്വദേശി ഉദ്യോഗസ്ഥരുടെ ശരാശരി ശമ്പളം, തൊഴില്‍ മേഖലയില്‍ സ്വദേശി സ്ത്രീകളുടെ സാന്നിധ്യം, സ്വദേശികള്‍ ഒരേ ജോലിയില്‍ തുടരുന്ന കാലാവധി, ഉയര്‍ന്ന ശമ്പളമുള്ള സ്വദേശികളുടെ ശതമാനം എന്നിവയാണ് മാനദണ്ഡങ്ങള്‍. തൊഴില്‍ രംഗത്ത് സ്വദേശികളുടെ എണ്ണം കണക്കാക്കുന്നതോടൊപ്പം സ്വദേശികളുടെ തൊഴില്‍ നിലവാരവും സന്തുലിത നിതാഖാത്തില്‍ അവലോകനത്തിന് വിധേയമാക്കും.
സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണത്തോടൊപ്പം ഗുണനിലവാരം മെച്ചപ്പെടുത്തുക, സ്വദേശിവത്കരണം കാര്യക്ഷമമായി നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും സാമ്പത്തിക സഹായവും അനുവദിക്കുക എന്നിവ സന്തുലിത നിതാഖാത്ത് വ്യവസ്ഥയുടെ ലക്ഷ്യമാണ്. തൊഴില്‍ മന്ത്രാലയം പുതുതായി നടപ്പാക്കുന്ന സംവിധാനത്തെക്കുറിച്ച് അഭിപ്രായ, നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തൊഴില്‍ രംഗത്തെ വിദഗ്ദരോടും സ്ഥാപനങ്ങളോടും തൊഴില്‍ മന്ത്രാലയം അഭ്യര്‍ഥിച്ചിരുന്നു. മന്ത്രാലയത്തിന്റെ പ്രത്യേക വെബ്പോര്‍ട്ടല്‍ വഴി അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം വ്യാഴാഴ്ച അവസാനിക്കുമെന്ന് നായിഫ് അബ്ദുല്‍ അസീസ് പറഞ്ഞു.