Gulf
ഒമാനിലേക്ക്​ ഖത്തർ നേരിട്ടുള്ള കപ്പൽ സർവീസുകൾ ആരംഭിച്ചുഒമാനിലേക്ക്​ ഖത്തർ നേരിട്ടുള്ള കപ്പൽ സർവീസുകൾ ആരംഭിച്ചു
Gulf

ഒമാനിലേക്ക്​ ഖത്തർ നേരിട്ടുള്ള കപ്പൽ സർവീസുകൾ ആരംഭിച്ചു

Jaisy
|
31 May 2018 2:46 PM GMT

ഭക്ഷണമടക്കം ആവശ്യവസ്​തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നത്​ ലക്ഷ്യമിട്ടാണ്​ സർവീസിന്​ തുടക്കമിട്ടത്

സൗദിയും യുഎഇയും ബഹറൈനും പ്രഖ്യാപിച്ച ഉപരോധം പരിഹാരമില്ലാതെ നീളുന്ന സാഹചര്യത്തിൽ ഖത്തർ ഒമാനിലേക്ക്​ നേരിട്ടുള്ള കപ്പൽ സർവീസുകൾ ആരംഭിച്ചു. ഭക്ഷണമടക്കം ആവശ്യവസ്​തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നത്​ ലക്ഷ്യമിട്ടാണ്​ സർവീസിന്​ തുടക്കമിട്ടത്​. ഹമദ്​ തുറമുഖത്തെയും ഷാങ്​ഹായ്​ തുറമുഖത്തെയും ബന്ധിപ്പിച്ചും പുതിയ കപ്പൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്​.

ഹമദ്​ തുറമുഖത്തെയും ഒമാനിലെ സൊഹാർ, സലാല തുറമുഖങ്ങളെയും ബന്ധപ്പെടുത്തിയാണ്​ സർവീസ്​ ആരംഭിച്ചതെന്ന്​ ഖത്തർ പോർട്ട്​ മാനേജ്മെന്റ്​ കമ്പനി ട്വിറ്ററിൽ അറിയിച്ചു. ആഴ്ചയിൽ മൂന്ന്​ സർവീസുകൾ വീതമായിരിക്കും ഉണ്ടാവുക. രാജ്യത്തേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി വർധിപ്പിക്കാൻ പുതിയ റൂട്ടുകൾ സഹായകരമാകും. യു.എ.ഇ,സൗദി തുറമുഖങ്ങളിൽ അടുക്കാതെ തന്നെ ഖത്തറിൽ ചരക്കുകൾ എത്തിക്കാനും ഇത്​വഴി സാധിക്കുമെന്ന്​ ഖത്തർ പോർട്ട്​ മാനേജ്​മെൻറ്​ കമ്പനി അറിയിച്ചു. ഭക്ഷണവസ്​തുക്കൾ ഇറക്കുമതി ചെയ്യുന്ന ഖത്തരി കമ്പനികൾക്ക്​ നിരവധി ഒമാനി സ്​ഥാപനങ്ങൾ ലോജിസ്റ്റിക്സ്​ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന്​ ഖത്തർ പോർട്സ്​ മാനേജ്മെൻറ്​ കമ്പനി സിഇഒ അബ്ദുള്ള അൽ ഖഞ്ജി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഭക്ഷണവസ്തുക്കളുടെ ഇറക്കുമതിക്കാണ്​ ഖത്തർ പ്രാധാന്യം നൽകുന്നത്​. നേരത്തേ ദുബൈയിലെ ജബൽഅലി തുറമുഖം വഴിയും അബൂദബി വഴിയുമായിരുന്നു ഖത്തറിലേക്കുള്ള ഇറക്കുമതി കൂടുതലും. ഉപരോധം പ്രഖ്യാപിച്ചതോടെ ഖത്തരി ഇറക്കുമതി സ്​ഥാപനങ്ങളുടെ നിരവധി കണ്ടെയിനറുകൾ ഇവിടെ കുടുങ്ങി കിടക്കുന്നുണ്ടെന്നും അൽ ഖഞ്​ജി പറഞ്ഞു. നേരത്തേ സലാല കേന്ദ്രീകരിച്ച്​ ചരക്കുഗതാഗതം ആരംഭിക്കുമെന്ന്​ കണ്ടെയിനർ ഷിപ്പിങ്​ ശൃംഖലയായ മെർസ്​ക്​ അറിയിച്ചിരുന്നു. ഈ മാസം 19നാകും മെർസ്കിന്റെ ഖത്തറിലേക്കുള്ള കണ്ടെയിനർ കപ്പൽ സലാലയിൽ അടുക്കുക. ഇവിടെ നിന്ന്​ ഫീഡർ ഷിപ്പുകളിൽ ചരക്കുകൾ ദോഹയിൽ എത്തിക്കാനാണ്​ പദ്ധതി.

Related Tags :
Similar Posts