ഖത്തര്‍ പ്രതിസന്ധി; തുര്‍ക്കി പ്രസിഡന്റ് സൌദിയിലെത്തി
|ജിദ്ദ വിമാനത്താവളത്തിൽ മക്ക ഗവർണറും മുതിർന്ന രാജകുടുംബാംഗവുമായ അമീർ ഖാലിദ് അൽ ഫൈസൽ അദ്ദേഹത്തെ സ്വീകരിച്ചു
ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ സൗദിയിലെത്തി. ജിദ്ദ വിമാനത്താവളത്തിൽ മക്ക ഗവർണറും മുതിർന്ന രാജകുടുംബാംഗവുമായ അമീർ ഖാലിദ് അൽ ഫൈസൽ അദ്ദേഹത്തെ
സ്വീകരിച്ചു.
അസ്സലാം കൊട്ടാരത്തിലെത്തിയ ഉർദുഗാൻ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി ദീർഘമായ ചർച്ച നടത്തി. സൗദി ഭരണനേതൃത്വത്തിലെ മുതിർന്ന അംഗങ്ങളും ചർച്ചകൾക്കെത്തിയിരുന്നു. സൽമാൻ രാജാവും ഉർദുഗാനും നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. സൗദിയിലെ പ്രാഥമിക ചർച്ചകൾക്ക് ശേഷം ഉർദുഗാൻ കുവൈത്തിലേക്കാണ്പോകുന്നത്. മധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായും കൂടിക്കാഴ്ച നടത്തും. കുവൈത്ത് അമീറിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതായി നേരത്തെ ഉർദുഗാൻ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മധ്യസ്ഥശ്രമങ്ങളുടെ തുടർച്ചയാണ് ആഗ്രഹിക്കുന്നതെന്ന് ഗൾഫിലേക്ക് തിരിക്കും മുമ്പ് ഉർദുഗാൻ അങ്കാറയിൽ വ്യക്തമാക്കിയിരുന്നു. കുവൈത്തിൽ നിന്ന് ദോഹയിലെത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയെയും ഉർദുഗാൻ കാണുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.