ഒമാനിലെ വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധന
|ദേശീയ സ്ഥിതി വിവര മന്ത്രാലയം 2017ൽ പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കല്‍ ഹാന്‍ഡ് ബുക്കിലാണ് ഈ സ്ഥിതി വിവരകണക്കുകൾ ഉള്ളത്
ഒമാനിലെ വിദേശി തൊഴിലാളികളുടെ എണ്ണം ഒരു ദശാബ്ദത്തിനിടെ മൂന്നിരട്ടിയായി വര്‍ധിച്ചുവെന്ന് കണക്കുകൾ. ദേശീയ സ്ഥിതി വിവര മന്ത്രാലയം 2017ൽ പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കല്‍ ഹാന്‍ഡ് ബുക്കിലാണ് ഈ സ്ഥിതി വിവരകണക്കുകൾ ഉള്ളത്.
കഴിഞ്ഞ വർഷം അവസാനത്തെ കണക്കുപ്രകാരം 1,825,603 വിദേശി തൊഴിലാളികളാണ് രാജ്യത്ത് ഉള്ളത്. ഒമാനിൽ ജോലി ചെയ്യുന്ന ഭൂരിപക്ഷം വിദേശികളും പ്രാഥമിക വിദ്യാഭ്യാസം മാത്രം ഉള്ളവരാണ്. അതേസമയം തൊഴിലെടുക്കുന്ന ഒമാനികളിൽ കൂടുതൽ പേരും സെക്കൻഡറിതല യോഗ്യതയുള്ളവരാണ്. സർവകലാശാല ബിരുദങ്ങൾ, ഹയർ ഡിപ്ലോമ, പി.എച്ച്.ഡി യോഗ്യത എന്നീ യോഗ്യതകളുള്ള വിദേശികളുടെ എണ്ണം സമാന യോഗ്യതകളുള്ള സ്വദേശികളുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നും കണക്കുകൾ പറയുന്നു. മൊത്തം വിദേശി സമൂഹത്തിന്റെ എണ്ണം 2011ൽ 820,000 ആയിരുന്നു. ഇത് കഴിഞ്ഞ വർഷം അവസാനത്തോടെ 1,986,000 ആയി ഉയർന്നു. സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും വിദേശി തൊഴിലാളികളുടെ എണ്ണം വർധിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. സ്വകാര്യമേഖലയിൽ കൂടുതൽ പേരും നിർമാണ മേഖലയിലാണ് ജോലിയെടുക്കുന്നത്. സർക്കാർ മേഖലയിലെ വിദേശി ജീവനക്കാരുടെ കൂടുതൽ സാന്നിധ്യം ആരോഗ്യ മന്ത്രാലയത്തിലാണ്. മസ്കത്ത് ഗവർണറേറ്റിൽ വിദേശികളുടെ എണ്ണം സ്വദേശികളേക്കാൾ ഇരട്ടിയായി.