സൗദിയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും വാറ്റ് അനുപാതം വര്‍ധിപ്പിക്കില്ലെന്ന് അധികൃതര്‍
|അഞ്ച് ശതമാനമായ വാറ്റ് പത്ത് ശതമാനമാക്കി ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിശദീകരണം
സൗദിയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും മൂല്യവര്‍ധിത നികുതിയുടെ അനുപാതം വര്‍ധിപ്പിക്കില്ലെന്ന് അധികൃതര്‍. അഞ്ച് ശതമാനമായ വാറ്റ് പത്ത് ശതമാനമാക്കി ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിശദീകരണം. ജനുവരിയിലാണ് മൂല്യ വര്‍ധിത നികുതി സൌദിയില്‍ നിലവില്‍ വന്നത്.
അഞ്ച് ശതമാനം നികുതിയുടെ 2.5 മുതല്‍ മൂന്ന് ശതമാനം വരെ സംഖ്യ ഓഫീസ് ചെലവുകള്‍ക്ക് നീക്കിവെക്കുമ്പോള്‍ പുതിയ നികുതിയിലൂടെ സര്‍ക്കാറിന് ലഭിക്കുന്ന വരുമാനം തുച്ഛമായിരിക്കുമെന്നാണ് വര്‍ധനവിന് ന്യായമായി സ്റ്റാന്‍ഡേര്‍ഡ് ആര്‍ പുവര്‍ റിപ്പോര്‍ട്ട് പറയുന്നത്. കൂടാതെ വ്യക്തികളുടെ വരുമാനത്തിന് 15 ശതമാനം ഇന്‍കം ടാക്സും വിദേശത്തേക്ക് അയക്കുന്ന സംഖ്യക്ക് അഞ്ച് ശതമാനം നികുതിയും ഏര്‍പ്പെടുത്തിയേക്കുമെന്ന് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കമ്പനികള്‍ക്ക് 15 ശതമാനം വരെ നികുതി ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വാറ്റ് വര്‍ധനവ് നിഷേധിച്ച അധികൃതര്‍ പുതിയ നികുതിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സൗദിയി ഉള്‍പ്പെടെ മധ്യപൗരസ്ത്യ ദേശത്തെ രാജ്യങ്ങള്‍ തങ്ങളുടെ നികുതി അടിസ്ഥാനം പുനര്‍നിര്‍ണയിക്കണമെന്ന അന്താരാഷ്ട്ര നാണയനിധിയും ആവശ്യപ്പെട്ടിരുന്നു. സൗദിയിലും യു.എ.ഇയിലും 2018 ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന മൂല്യവര്‍ധിത നികുതി ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ ഈ വര്‍ഷം മധ്യത്തോടെ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.