ഒമാനിൽ വിദേശികളുടെ എണ്ണം കുറഞ്ഞു വരുന്നതായി കണക്കുകൾ
|ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ പത്തുമാസത്തിനിടെ ഇരുപതിനായിരത്തി എഴുനൂറ്റി പതിനേഴ് വിദേശികളാണ് രാജ്യം വിട്ടത്
ഒമാനിൽ വിദേശികളുടെ എണ്ണം കുറഞ്ഞു വരുന്നതായി കണക്കുകൾ. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ പത്തുമാസത്തിനിടെ ഇരുപതിനായിരത്തി എഴുനൂറ്റി പതിനേഴ് വിദേശികളാണ് രാജ്യം വിട്ടത്. വിദേശികളുടെ വരവ് കുറക്കുന്നതിന്റെ ഭാഗമായാണ് വിസാ നിയന്ത്രണം അടക്കം ഏർപ്പെടുത്തിയതെന്ന് മജ്ലിസുശൂറ അംഗം അസീസ് അൽ ഹസ്നി പറഞ്ഞു.
കഴിഞ്ഞ ഒരു ദശാബ്ദ കാലത്തോളം വർധനവിന്റെ പാതയിൽ നിന്നാണ് വിദേശികളുടെ എണ്ണം താഴ്ചയിലേക്കുള്ള വഴിയിലെത്തി നിൽക്കുന്നത്. എല്ലാ രാജ്യക്കാരുടെ എണ്ണത്തിലും കുറവ് ദൃശ്യമാണ്. ഇന്തോനേഷ്യൻ, ഇതോപ്യൻ സ്വദേശികളുടെ എണ്ണമാണ് ഏറ്റവുമധികം കുറഞ്ഞത്. വീട്ടുജോലിക്കാരുടെ റിക്രൂട്ടിങിന് ഏർപ്പെടുത്തിയ നിബന്ധനകളാണ് ഈ രണ്ട് രാഷ്ട്രക്കാരുടെയും എണ്ണം കുറയാൻ കാരണം. ഫിലിപ്പിനോകളുടെ എണ്ണത്തിൽ മാത്രമാണ് കുറവ് ദൃശ്യമല്ലാത്തത്. രാജ്യത്തെ ഏറ്റവും വലിയ വിദേശ സമൂഹമെന്ന സ്ഥാനത്ത് ബംഗ്ലാദേശുകാർ തുടരുകയാണ്. 2016 ഒടുവിലാണ് ഇന്ത്യക്കാരിൽ നിന്ന് ബംഗ്ലാദേശികൾ ഈ സ്ഥാനം കൈവശപ്പെടുത്തിയത്. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ ഒമാന്റെ എല്ലാ ഗവർണറേറ്റുകളിലും വിദേശി ജനസംഖ്യ കുറഞ്ഞിരുന്നു. കർശനമായ സ്വദേശിവത്കരണ നയങ്ങളും വിസാ നയങ്ങളുമാണ് വിദേശികളുടെ വരവിന് തടയിടുന്നത്. ജനുവരി അവസാനം പത്ത് വിഭാഗങ്ങളിലെ 87 തസ്തികകളിൽ ആറു മാസത്തേക്ക് താത്ക്കാലിക വിസാ നിരോധം ഏർപ്പെടുത്തിയിരുന്നു. ഇത് വരും മാസങ്ങളിൽ വിദേശി ജനസംഖ്യയിൽ കുറവുണ്ടാക്കാൻ സാധ്യതയുണ്ട്. 2007 മുതൽ 2017 വരെ കാലയളവിലെ വിദേശി ജനസംഖ്യയിൽ മൂന്നിരട്ടി വർധനവാണ് ഉണ്ടായത്.