Gulf
ഒമാനിൽ വിദേശികളുടെ എണ്ണം കുറഞ്ഞു വരുന്നതായി കണക്കുകൾഒമാനിൽ വിദേശികളുടെ എണ്ണം കുറഞ്ഞു വരുന്നതായി കണക്കുകൾ
Gulf

ഒമാനിൽ വിദേശികളുടെ എണ്ണം കുറഞ്ഞു വരുന്നതായി കണക്കുകൾ

Jaisy
|
31 May 2018 11:20 PM GMT

ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ പത്തുമാസത്തിനിടെ ഇരുപതിനായിരത്തി എഴുനൂറ്റി പതിനേഴ്​ വിദേശികളാണ്​ രാജ്യം വിട്ടത്

ഒമാനിൽ വിദേശികളുടെ എണ്ണം കുറഞ്ഞു വരുന്നതായി കണക്കുകൾ. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ പത്തുമാസത്തിനിടെ ഇരുപതിനായിരത്തി എഴുനൂറ്റി പതിനേഴ്​ വിദേശികളാണ്​ രാജ്യം വിട്ടത്​. വിദേശികളുടെ വരവ്​ കുറക്കുന്നതിന്റെ ഭാഗമായാണ്​ വിസാ നിയന്ത്രണം അടക്കം ഏർപ്പെടുത്തിയതെന്ന്​ മജ്​ലിസുശൂറ അംഗം അസീസ്​ അൽ ഹസ്നി പറഞ്ഞു.

കഴിഞ്ഞ ഒരു ദശാബ്ദ കാലത്തോളം വർധനവിന്റെ പാതയിൽ നിന്നാണ്​ വിദേശികളുടെ എണ്ണം താ​ഴ്ചയിലേക്കുള്ള വഴിയിലെത്തി നിൽക്കുന്നത്​. എല്ലാ രാജ്യക്കാരുടെ എണ്ണത്തിലും കുറവ്​ ദൃശ്യമാണ്​. ഇന്തോനേഷ്യൻ, ഇതോപ്യൻ സ്വദേശികളുടെ എണ്ണമാണ്​ ഏറ്റവുമധികം കുറഞ്ഞത്​. വീട്ടുജോലിക്കാരുടെ റിക്രൂട്ടിങിന്​ ഏർപ്പെടുത്തിയ നിബന്ധനകളാണ്​ ഈ രണ്ട്​ രാഷ്ട്രക്കാരുടെയും എണ്ണം കുറയാൻ കാരണം. ഫിലിപ്പിനോകളുടെ എണ്ണത്തിൽ മാത്രമാണ്​ കുറവ്​ ദൃശ്യമല്ലാത്തത്​. രാജ്യത്തെ ഏറ്റവും വലിയ വിദേശ സമൂഹമെന്ന സ്​ഥാനത്ത്​ ബംഗ്ലാദേശുകാർ തുടരുകയാണ്​. 2016 ഒടുവിലാണ്​ ഇന്ത്യക്കാരിൽ നിന്ന്​ ബംഗ്ലാദേശികൾ ഈ സ്ഥാനം കൈവശപ്പെടുത്തിയത്​. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ ഒമാന്റെ എല്ലാ ഗവർണറേറ്റുകളിലും വിദേശി ജനസംഖ്യ കുറഞ്ഞിരുന്നു. കർശനമായ സ്വദേശിവത്​കരണ നയങ്ങളും വിസാ നയങ്ങളുമാണ്​ വിദേശികളുടെ വരവിന്​ തടയിടുന്നത്​. ജനുവരി അവസാനം പത്ത്​ വിഭാഗങ്ങളിലെ 87 തസ്തികകളിൽ ആറു മാസത്തേക്ക്​ താത്​ക്കാലിക വിസാ നിരോധം ഏർപ്പെടുത്തിയിരുന്നു. ഇത്​ വരും മാസങ്ങളിൽ വിദേശി ജനസംഖ്യയിൽ കുറവുണ്ടാക്കാൻ സാധ്യതയുണ്ട്​. 2007 മുതൽ 2017 വരെ കാലയളവിലെ വിദേശി ജനസംഖ്യയിൽ മൂന്നിരട്ടി വർധനവാണ്​ ഉണ്ടായത്​.

Related Tags :
Similar Posts