10 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുമായി സൗദി അരാംകോ
|സൗദി അറേബ്യ നടപ്പിലാക്കി വരുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് മരം നടല്‍ പദ്ധതിക്കും തുടക്കം കുറിച്ചത്
സൗദി കിഴക്കന്‍ പ്രവിശ്യയില്‍ പത്ത് ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുമായി സൗദി ഓയില്‍ കമ്പനിയായ അരാംകോ രംഗത്ത്. സൗദി അറേബ്യ നടപ്പിലാക്കി വരുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് മരം നടല്‍ പദ്ധതിക്കും തുടക്കം കുറിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനികളില്‍ ഒന്നാണ് സൗദി അരാംകോ. കമ്പനിക്ക് കീഴിലുള്ള ഉപ വകുപ്പുകളുടെ പഠനത്തിന് ശേഷമാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. 2025 ആകുമ്പോഴത്തേക്കും പത്ത് ലക്ഷം മരങ്ങളാണ് നട്ടുപിടിപ്പിക്കുക. പദ്ധതിയുടെ ഉല്‍ഘാടനം കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് കഴിഞ്ഞ ദിവസം അരാംകോ കോമ്പൗണ്ടില്‍ വെച്ച് നിര്‍വ്വഹിച്ചു. പ്രദേശത്തിന്റെ കാലാവസ്ഥക്കിണങ്ങുന്നതും കുറഞ്ഞ ജലസേചനം ആവശ്യമായതുമായ 26 ഇനം മരങ്ങള്‍ ആണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തിട്ടുള്ളത്. പൊടിക്കാറ്റിനെ ഫലപ്രദമായി തടയുന്നതിനും അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡ് കുറക്കുന്നതിനും ഈ മരങ്ങള്‍ക്ക് സാധിക്കുമെന്ന് സൗദി അരാംകോ സി.ഇ.ഒ അമീന് നാസര്‍ പറഞ്ഞു.വര്‍ഷങ്ങള്‍ നീളുന്ന പദ്ധതി പൂര്‍ത്തിയാവുന്നതോടെ കിഴക്കന്‍ പ്രവിശ്യയുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.