യുഎഇയില്‍ മധ്യാഹ്ന ഇടവേള നിയമം കര്‍ശനമാക്കും
|യുഎഇയില്‍ ബുധനാഴ്ച നിലവില്‍ വരുന്ന മധ്യാഹ്ന ഇടവേള നിയമം കര്‍ശനമായി നടപ്പാക്കാന്‍ വിവിധ എമിറേറ്റുകളില്‍ മുന്നൊരുക്ക നടപടി ആരംഭിച്ചു.
യുഎഇയില്‍ ബുധനാഴ്ച നിലവില്‍ വരുന്ന മധ്യാഹ്ന ഇടവേള നിയമം കര്‍ശനമായി നടപ്പാക്കാന്‍ വിവിധ എമിറേറ്റുകളില്‍ മുന്നൊരുക്ക നടപടി ആരംഭിച്ചു. നിയമം ലംഘിക്കാനുള്ള ഏതൊരു നീക്കവും കര്‍ശനമായി നേരിടുമെന്ന് തൊഴില്‍ മന്ത്രാലയവും വിവിധ നഗരസഭകളും സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കനത്ത ചൂടില്‍ നിന്ന് തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്നതിനായി തുടര്‍ച്ചയായ 12ാം വര്‍ഷമാണ് യുഎഇയില്‍ മധ്യാഹ്ന ഇടവേള നിയമം നടപ്പാക്കുന്നത്. തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന നിയമം ഗള്‍ഫ് മേഖലയില്‍ ആദ്യമായി നടപ്പാക്കിയ രാജ്യം കൂടിയാണ് യുഎഇ. ജൂണ്‍ 15 മുതല്‍ നിലവില്‍ വരുന്ന ഉച്ച വിശ്രമ നിയമം പൂര്‍ണമായും നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മനുഷ്യവിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെയാണ് തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം അനുവദിച്ചിരിക്കുന്നത്. ഉച്ച വിശ്രമ നിയമം ലംഘിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കരാറുകാരെയും കണ്‍സള്‍ട്ടന്റുമാരെയും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മന്ത്രാലയം അനുവദിച്ച ഇളവുകളല്ലാതെ മറ്റൊന്നും ലഭ്യമാകില്ല. നിയമം നടപ്പാക്കുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കും. മധ്യാഹ്ന ഇടവേള നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ചൂടുമൂലമുളള അപകടങ്ങളും രക്ഷാ മാര്‍ഗങ്ങളും സംബന്ധിച്ച് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സെമിനാര്‍ സംഘടിപ്പിച്ചു വരികയാണ്. തൊഴിലാളികള്‍, കരാറുകാര്‍, സ്ഥാപനങ്ങള്‍, കണ്‍സള്‍ട്ടന്റുമാര്‍ തുടങ്ങിയവരെ കനത്ത ചൂടിന്റെ അപകടങ്ങള്‍ സംബന്ധിച്ച് ബോധവത്കരിക്കുന്നതിനാണ് സെമിനാറുകള്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നിയമം നടപ്പാക്കുന്നതില്‍ നിര്‍മാണ സ്ഥാപനങ്ങളും മറ്റും ഏറെ വിജയിച്ചിരുന്നു.