Gulf
സുരക്ഷാ ഭീഷണി: അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കുമെന്ന് കുവൈത്ത്സുരക്ഷാ ഭീഷണി: അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കുമെന്ന് കുവൈത്ത്
Gulf

സുരക്ഷാ ഭീഷണി: അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കുമെന്ന് കുവൈത്ത്

Subin
|
31 May 2018 11:29 AM GMT

കഴിഞ്ഞ കാലങ്ങളില്‍ അതിര്‍ത്തികളില്‍ സ്വദേശികള്‍ക്ക് പരിശോധനകളില്‍ അല്‍പം ഇളവുകാണിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ സ്വദേശികളെയും വിദേശികളെയും ശക്തമായ പരിശോധനക്ക് വിധേയമാക്കണമെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം.

രാജ്യത്ത് സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തില്‍ കര അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാന്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. തീവ്രവാദികള്‍ക്ക് സഹായം ലഭിക്കുന്നത് കര അതിര്‍ത്തി വഴിയാണെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കസ്റ്റംസ്, അതിര്‍ത്തിസേനാ ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും.

കഴിഞ്ഞ കാലങ്ങളില്‍ അതിര്‍ത്തികളില്‍ സ്വദേശികള്‍ക്ക് പരിശോധനകളില്‍ അല്‍പം ഇളവുകാണിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ സ്വദേശികളെയും വിദേശികളെയും ശക്തമായ പരിശോധനക്ക് വിധേയമാക്കണമെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം. വാഹനങ്ങളും യാത്രക്കാരുടെ ലഗേജുകളും സുക്ഷ്മപരിശോധന നടത്തിയ ശേഷമാണ് പുറത്തുകടക്കാന്‍ അനുവദിക്കുകയുള്ളൂ.

കുവൈത്ത്, സൗദി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാന്‍ ഇരു രാഷ്ട്രങ്ങളുടെയും ആഭ്യന്തര മന്ത്രാലയങ്ങള്‍ കഴിഞ്ഞവര്‍ഷം തീരുമാനിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന നടത്താന്‍ ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹും ആഭ്യന്തര സെക്രട്ടറി സുലൈമാന്‍ ഫഹദുല്‍ ഫഹദും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തേക്ക് തീവ്രവാദികള്‍ പ്രവേശിക്കുന്നത് അതിര്‍ത്തികള്‍ വഴിയാണെന്ന് കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തിലാണിത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന ഓരോ പൗരനെയും ശക്തമായ പരിശോധനക്ക് വിധേയമാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശം. മേഖലയില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ തീവ്രവാദികള്‍ പലരൂപത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള സാധ്യത സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്.

അതിനിടെ നുവൈസീബ്, സാല്‍മി, അബ്ദലി അതിര്‍ത്തിവഴി കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ 20,000 പേര്‍ കുവൈത്തില്‍നിന്നും യാത്ര ചെയ്തതായി അതിര്‍ത്തി കസ്റ്റംസ് വകുപ്പ് അറിയിച്ചു. പെരുന്നാള്‍ അവധികള്‍ ചെലവഴിക്കാനാണ് അധികപേരും അതിര്‍ത്തി വഴി യാത്രചെയ്തത്. തീവ്രവാദി ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ വഴി പോയവരെ ശക്തമായ പരിശോധനക്ക് വിധേയമാക്കിയതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു.

Related Tags :
Similar Posts