സൗദിയില്‍ പുതിയ അദ്ധ്യയന വര്‍ഷം നാളെ തുടങ്ങും
|പ്രാഥമിക തലം മുതല്‍ സര്‍വകലാശാല തലം വരെയുള്ള 56 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ വീണ്ടും കലാലയങ്ങളിലെത്തും
സൗദി അറേബ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ അദ്ധ്യയന വര്‍ഷം നാളെ തുടങ്ങും. പ്രാഥമിക തലം മുതല്‍ സര്‍വകലാശാല തലം വരെയുള്ള 56 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ വീണ്ടും കലാലയങ്ങളിലെത്തും. വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനായി അദ്ധ്യാപകരും കലാലയ ജീവനക്കാരും കഴിഞ്ഞ ദിവസം മുതല്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിദേശ സിലബസിലുള്ള ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം വിദേശ വിദ്യാലയങ്ങളും ഞായറാഴ്ചയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
56 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് രാജ്യത്തുള്ളതെന്നാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക്. സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു. പാഠപുസ്തകങ്ങളും വിതരണത്തിന് തയ്യാറായിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടെ ഞായറാഴ്ച മുതല്‍ നിരത്തുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്നതിനാല്‍ പ്രധാന നഗരങ്ങളില്‍ ഗതാഗത നിരീക്ഷണത്തിനും നിയന്ത്രണത്തിനും ട്രാഫിക് വിഭാഗം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ തെക്കന്‍ മേഖലകളിലെ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പരിഗണന അനുവദിച്ചിട്ടുണ്ട്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനില്‍ സൈനിക നടപടി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കലാലയങ്ങള്‍ പ്രവര്‍ത്തിക്കുക. സുരക്ഷാസാഹചര്യം വിലയിരുത്താനും ഉചിതമായ തീരുമാനം എടുക്കാനും വകുപ്പുമന്ത്രിയുടെ കീഴില്‍ മേഖല വിദ്യാഭ്യാസ മേധാവികള്‍ അടങ്ങിയ പ്രത്യേക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.