റമദാനിന്റെ എല്ലാ നന്മകളുമായി അൽ ഫാത്തിഹ് മസ്ജിദ്
|ജുഫൈറിൽ ദേശീയ പാതക്കരികിലായി സ്ഥിതി ചെയ്യുന്ന അൽ ഫാത്തിഹ് മസ്ജിദ് ബഹ് റൈനിലെ ഏറ്റവും വലിയ ആരാധനാലയമാണ്
റമദാനിന്റെ എല്ലാ നന്മകളുടെയും നിറക്കാഴ്ചകളാണ് ബഹ് റൈനിലെ അൽ ഫാത്തിഹ് മസ്ജിദിലേത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തുന്ന മനുഷ്യർ ജാതിമതഭേദമന്യെ ഈ ആരാധനാലയം സന്ദർശിക്കുകയും ഇസ് ലാമിക സംസ്കാരത്തെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നു.
ജുഫൈറിൽ ദേശീയ പാതക്കരികിലായി സ്ഥിതി ചെയ്യുന്ന അൽ ഫാത്തിഹ് മസ്ജിദ് ബഹ് റൈനിലെ ഏറ്റവും വലിയ ആരാധനാലയമാണ് . റമദാൻ മാസത്തിൽ ഇവിടെ പ്രാർഥനക്കെത്തുന്ന വിശ്വാസികളുടെ തിരക്കേറും. റമദാനിലും അല്ലാത്തപ്പോഴും എല്ലാ മനുഷ്യർക്കുമായി തുറന്നിട്ടിരിക്കുകയാണ് ഈ പള്ളിയുടെ കവാടങ്ങൾ. പള്ളിയുടെ കവാടത്തിൽ തന്നെ ജാതി മത ഭേദമന്യേ എല്ലാവരെയും സ്വാഗതം ചെയ്യുന്ന അറിയിപ്പ് കാണാം. . എല്ലാ വർഷവും വ്യത്യസ്ത മതവിശ്വാസികളായ ആയിരക്കണക്കിന് സ്ത്രീ പുരുഷന്മാരാണ് ഇവിടെ സന്ദർശ്നാത്തിനെത്താറുള്ളത് . ഏത് മതവിശ്വാസിയായാലും പള്ളിയിൽ പ്രവേശിക്കാൻ ലളിതമായ ചില നിബന്ധനകൾ മാത്രം. ചെരിപ്പ് പുറത്തഴിച്ച് വെക്കണം. സ്ത്രീകളാണെങ്കിൽ അബായ കോർണറിൽ നിന്ന് വസ്ത്രം മാറ്റിയണിയണം. പള്ളിയിൽ പ്രവേശിക്കുമ്പോൾ സന്ദർശകരെ നിറഞ്ഞ പുഞ്ചിരിയുമായി വരവേല്‍ക്കുന്ന വളണ്ടിയർമാർ. അറേബ്യൻ സംസ്കാരത്തെയും ഇസ് ലാമിക ദർശനത്തെയും പരിചയപ്പെടുത്തി പള്ളിയുടെ എല്ലാ ഭാഗങ്ങളിലും അവരെ കൂട്ടിക്കൊണ്ട് പോകുന്നു. ഇസ്ലാമിന്റെ ആരാധനാരീതികള്‍ മുതല്‍ ചരിത്രവും വര്‍ത്തമാനവും വരെ ഇവർ ചുരുക്കി വിവരിക്കുന്നു. . കൈകളില്‍ സമ്മാനങ്ങളും പുസ്തകങ്ങളും കൈമാറി ഒടുവില്‍ സ്നേഹത്തോടെ യാത്രയാക്കുമ്പോൾ സന്ദർശകർക്ക് ഒരു ആരാധനലായത്തെ അടുത്തറിഞ്ഞ ആത്മനിർവ്യതി. സങ്കുചിതത്വത്തിന്റെ വേലിക്കെട്ടുകളെ തകർക്കുന്ന വിശാല കാഴ്ചപ്പാടിന്റെയും മനുഷ്യ സ്നേഹത്തിന്റെയും അടയാളമാവുകയാണ് ഈ ആരാധനാലയം