കുവൈത്തില്‍ സമഗ്ര പരിശോധനയ്ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി
|കുവൈത്തില്‍ എല്ലാ പോലീസ് വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി സമഗ്രമായ പരിശോധനക്ക് ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നു
കുവൈത്തില്‍ എല്ലാ പോലീസ് വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി സമഗ്രമായ പരിശോധനക്ക് ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നു. ജനങ്ങള്‍ തിരിച്ചറിയല്‍ രേഖകള്‍ എല്ലാ നേരവും കൈവശം വെക്കണമെന്ന് മുന്നറിയിപ്പ്. ജീവനക്കാരുടെ സമര ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ പിടികൂടുന്നതിനായി രാജ്യവ്യാപകമായി സമഗ്ര പരിശോധനക്ക് കളമൊരുങ്ങുന്നതായാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡിസംബര്‍ അവസാന വാരം തുടക്കമിട്ട പരിശോധനാ കാമ്പയിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തോളം പേരെ ഇതിനോടകം പോലീസ് പിടികൂടിയിരുന്നു. രേഖകള്‍ ഹാജരാക്കുന്നവരെ വിട്ടയക്കുന്നുണ്ടെങ്കിലും ആയിരങ്ങള്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. കാമ്പയിന്റെ തുടര്‍ച്ചയായി എല്ലാ പോലീസ് വിഭാഗങ്ങളെയും സഹകരിപ്പിച്ചു കൊണ്ട് 6 പ്രവിശ്യകളിലും ഒരേ സമയം റെയിഡ് നടത്താനാണ് പദ്ധതി. കഴിഞ്ഞ മാസം സമാനരീതിയില്‍ ആറിടങ്ങളില്‍ ഒന്നിച്ചു നടന്ന റെയിഡില്‍ ആയിരങ്ങള്‍ പിടിയിലായിരുന്നു. തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാതെ പുറത്തിറങ്ങരുത് എന്ന് പോലീസ് പൊതുജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
അതിനിടെ എണ്ണ മേഖലയിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉല്പാദനം മുടങ്ങാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി എണ്ണമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. സമരം തുടങ്ങിയാല്‍ ആവശ്യമെങ്കില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ 30ലക്ഷം വീപ്പ എണ്ണയാണ് പ്രതിദിനം കുവൈത്ത് ഉത്പാദിപ്പിക്കുന്നത്. സമരം തുടര്‍ന്നാല്‍ ഉത്പാദനം അഞ്ച് ലക്ഷം ബാരല്‍ വരെ ആയി കുറയാന്‍ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.