ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് മികച്ച സൌകര്യങ്ങളൊരുക്കി ഹജ്ജ് മിഷന്‍
|തീര്‍ഥാടകര്‍ കൂടുതല്‍ സമയം യാത്ര ചെയ്യേണ്ട മദീന - മക്ക റൂട്ടില്‍ മികച്ച ബസ്സുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്
ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് മികച്ച സൌകര്യങ്ങളാണ് ഇത്തവണ ഹജ്ജ് മിഷന്‍ ഒരുക്കിയത്. തീര്‍ഥാടകര്‍ കൂടുതല്‍ സമയം യാത്ര ചെയ്യേണ്ട മദീന - മക്ക റൂട്ടില്‍ മികച്ച ബസ്സുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ സംവിധാനം ഹാജിമാരുടെ യാത്രാ ക്ഷീണം ലഘൂകരിക്കാന്‍ കാരണമായിട്ടുണ്ട്.
ഇന്ത്യന്‍ ഹാജിമാരുടെ മദീന - മക്ക യാത്രക്ക് മൂന്ന് ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ക്കാണ് ഹജ്ജ് മിഷന്‍ കരാര്‍ നല്‍കിയത്. പൊതുമേഖല സ്ഥാപനമായ സ്പ്റ്റികോയും സ്വകാര്യ കമ്പനികളായ അല്‍ഖാഇദ് , അല്‍ഖര്‍ത്താസ് എന്നീ കമ്പനികളുടെ ഏറ്റവും പുതിയ മോഡല്‍ ബസ്സുകളാണ് സര്‍വ്വീസ് നടത്തുക. മികച്ച സീറ്റുകളും നല്ല എയര്‍കണ്ടീഷന്‍ സംവിധാനവുമുള്ള ബസ്സുകളാണ് ഇത്തവണ ഏര്‍പ്പെടുത്തിയത്.
നാനൂറ്റി അന്‍പതിലേറെ കിലോമീറ്റര്‍ ദൂരമാണ് മക്കക്കും മദീനക്കും ഇടയില്‍ തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കേണ്ടത്. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ സമയം ഇതിനെടുക്കും. പകല്‍ സമയങ്ങളിലാണ് ഹജ്ജ് മന്ത്രാലയം യാത്ര നിശ്ചയിച്ചത്. ബസ്സുകളുടെ കാലപ്പഴക്കം കാരണം കഴിഞ്ഞ വര്‍ഷം തീര്‍ഥാടകര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. എസി പ്രവര്‍ത്തിക്കാത്തത് കാരണവും മറ്റും പലപ്പോഴും ബസ്സുകള്‍ വഴിയില്‍ നിര്‍ത്തിയിടേണ്ടി വന്നു. കനത്ത ചൂട് കാരണം തീര്‍ഥാടകര്‍ക്ക് ഇത് വലിയ പ്രയാസം സൃഷ്ടിച്ചു. ഇതിനാണ് ഇത്തവണ മാറ്റം വന്നത്. അതോടൊപ്പം തീര്‍ഥാടകരുടെ ലഗേജുകള്‍ ഡൈന മോഡല്‍ വണ്ടിയില്‍ മദീനയിലെ റൂമുകളില്‍ നിന്നും മക്കയിലെ താമസ സ്ഥലത്ത് എത്തിക്കുന്നുണ്ട്.