Gulf
ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ വ്യാഴാഴ്ച അവസാനിക്കുംഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ വ്യാഴാഴ്ച അവസാനിക്കും
Gulf

ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ വ്യാഴാഴ്ച അവസാനിക്കും

Jaisy
|
1 Jun 2018 2:04 AM GMT

മുംബൈയിലേക്കാണ് ഇന്ത്യയിലേക്കുള്ള അവസാന ഹജ്ജ് വിമാനം

ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ വ്യാഴാഴ്ച അവസാനിക്കും. മുംബൈയിലേക്കാണ് ഇന്ത്യയിലേക്കുള്ള അവസാന ഹജ്ജ് വിമാനം . സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ അവസാന സംഘം നാളെ പുലര്‍ച്ചെ മദീനയില്‍ നിന്ന് കൊച്ചിയിലേക്ക് തിരിക്കും.

വിദേശ രാജ്യങ്ങളില്‍ നിന്ന് ഹജ്ജിനെത്തിയ തീര്‍ഥാടകരില്‍ അവശേഷിക്കുന്ന മുഴുവന്‍ പേരും വെള്ളിയാഴ്ചക്ക് മുന്‍പായി സൌദിയില്‍ നിന്ന് യാത്ര തിരിക്കും. ഹജ്ജ് വിസയില്‍ എത്തിയ ജീവനക്കാരും നാട്ടിലേക്ക് മടങ്ങണമെന്നാണ് നിയമം. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുംബൈയിലേക്കാണ് ഇന്ത്യയിലേക്കുള്ള അവസാന വിമാനം. അന്നേ ദിവസം രാവിലെ ഔറംഗബാദിലേക്കും ഉച്ചക്ക് ഒരു മണിക്ക് മുംബൈയിലേക്കും ഓരോ വിമാനങ്ങള്‍ കൂടി സര്‍വ്വീസ് നടത്തും. മൂന്ന് വിമാനങ്ങളിലായി 750 തീര്‍ഥാടകരാണ് വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങുക. ബുധനാഴ്ച എട്ട് വിമാനങ്ങളാണ് ഹാജിമാരുടെ മടക്കയാത്രക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഗയയിലേക്ക് നാലും ഔറംഗബാദിലേക്ക് രണ്ട് വിമാനങ്ങളും സര്‍വ്വീസ് നടത്തും. കൊച്ചിയിലേക്കും ബാംഗ്ലൂരിലേക്കും ഓരോ വിമാനങ്ങളാണ് യാത്ര തിരിക്കുക. പുലര്‍ച്ചെ നാല് മണിക്കുള്ള സൌദി എയര്‍ലൈന്‍സ് വിമാനത്തില്‍ 450 മലയാളി ഹാജിമാരാണ് പ്രവാചക നഗരിയില്‍ നിന്ന് വിടപറയുന്നത്. ചൊവ്വാഴ്ച മൂവായിരത്തോളം തീര്‍ഥാടകരും നാട്ടിലക്ക് മടങ്ങി. പത്തോളം ഹാജിമാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആരോഗ്യ സ്ഥതി അനുസരിച്ച് ഇവരെ പിന്നീട് സാധാരണ യാത്രാ വിമാനങ്ങളില്‍ നാട്ടിലേക്ക് അയക്കും. ഹജ്ജ് സേവനത്തിനായി ഡെപ്യൂട്ടേഷനില്‍ എത്തിയ സ്റ്റാഫുകളില്‍ ഭൂരിഭാഗം പേരും ഇതിനകം ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. അതേ സമയം മദീനയില്‍ മര്‍ക്കസിയ്യ ഭാഗത്ത് താമസത്തിന് അവസരം ലഭിക്കാതിരുന്ന ഹാജിമാര്‍ക്ക് അക്കൌണ്ട് വഴി പണം തിരികെ നല്‍കും. 350 റിയാല്‍ അഥവാ ഏകദേശം അയ്യായിരത്തി എണ്ണൂറ് രൂപയാണ് ഇവര്‍ക്ക് ലഭിക്കുക.

Related Tags :
Similar Posts