കുവൈത്തിൽ 60 വയസ് കഴിഞ്ഞ അവിദഗ്ധ തൊഴിലാളികൾക്ക് വിസ പുതുക്കുന്നത് നിര്‍ത്തിയേക്കും
|ഇത് സംബന്ധിച്ച് താമസകാര്യ വകുപ്പും മാൻപവർ അതോറിറ്റിയും തമ്മിൽ ധാരണയിലെത്തിയതായാണ് സൂചന
കുവൈത്തിൽ 60 വയസ് കഴിഞ്ഞ അവിദഗ്ധ തൊഴിലാളികൾക്ക് വിസ പുതുക്കുന്നതും മറ്റൊന്നിലേക്ക് മാറ്റിയടിക്കുന്നതും നിർത്തിവെച്ചേക്കുമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് താമസകാര്യ വകുപ്പും മാൻപവർ അതോറിറ്റിയും തമ്മിൽ ധാരണയിലെത്തിയതായാണ് സൂചന. അതേസമയം ബിരുദധാരികൾക്കും തൊഴിൽ വൈദഗ്ധ്യമുള്ളവർക്കും 60 കഴിഞ്ഞാലും വിസപുതുക്കി നൽകുമെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി.
മാൻ പവർ അതോറിറ്റിയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽഅൻബ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് . സ്വകാര്യ മേഖലയിൽ കൺസ്ട്രക്ഷൻ ജോലികൾ ചെയ്യുന്നവരാണ് രാജ്യത്തെ അവിദഗ്ധ തൊഴിലാളികളിൽ ഭൂരിഭാഗവും. പ്രായം കൂടുന്നതോടെ ഇത്തരം ജോലികൾ ചെയ്യാനുള്ള പ്രയാസം പരിഗണിച്ചാണ് ഇഖാമക്ക് പ്രായപരിധിവെക്കാൻ അധികൃതർ ഒരുങ്ങുന്നത് . പ്രായപരിധി നിയമം പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഒരുപോലെ ബാധകമാക്കാനുള്ള താമസകാര്യ വകുപ്പിന്റെ നീക്കത്തിനു മാൻപവർ അതോറിറ്റി പിന്തുണ അറിയിച്ചിട്ടുണ്ട് . അതേസമയം ബിരുദധാരികൾക്കും വിദഗ്ദ്ധജോലിക്കാർക്കും 60 വയസ്സ് കഴിഞ്ഞതിന് ശേഷവും വിസ പുതുക്കുന്നതിനോ ഇഖാമ മാറ്റുന്നതിനോ തടസ്സമുണ്ടാകില്ല അറുപതിനു മുകളിൽപ്രായമുള്ള നിരവധി പേർ കഫ്റ്റീരിയ ഗ്രോസറി തുടങ്ങിയ മേഖലകളിൽ ജോലിയെടുക്കുന്നുണ്ട് . ഇവരിൽ തന്നെ മലയാളികളുൾപ്പെടെ ഇന്ത്യക്കാരാണ് കൂടുതലും. നിർമാണ മേഖലയിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. പ്രായക്കൂടുതൽ കാരണം വിസ പുതുക്കാൻ സാധിക്കാത്ത സാഹചര്യം വരിയാണെങ്കിൽ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും.