മഞ്ജു വാര്യരുടെ നൃത്തപരിപാടി ഫെബ്രുവരി 23ന് ദുബൈയിൽ
|ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ ശൈഖ് റാശിദ് ഓഡിറ്റോറിയത്തിൽ ഈ മാസം 23നാണ് പരിപാടി
നടി മഞ്ജുവാര്യർ ആദ്യമായി യു.എ.ഇയിൽ നൃത്തപരിപാടി അവതരിപ്പിക്കുന്നു. ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ ശൈഖ് റാശിദ് ഓഡിറ്റോറിയത്തിൽ ഈ മാസം 23നാണ് പരിപാടി. മഞ്ജു വാര്യർക്കു പുറമെ നിരവധി കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്.
നടനം 2018 എന്ന പേരിൽ റൂട്ട്സ് ഇവന്റ്സ് ആന്റ് മാനേജ്മെന്റാണ് പരിപാടി ഒരുക്കുന്നത്. മഞ്ജു വാര്യരുടെ കുച്ചിപ്പുടി നൃത്തത്തിനു പുറമെ വാദ്യകലയുടെ കുലപതി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും വയലിൻ കലാകാരൻ ശബരീഷ് പ്രഭാകറും സംബന്ധിക്കുമെന്ന് റൂട്ട്സ് ഇവൻറ്സ് സി.ഇ. ഒ രൂപേഷ് നമ്പ്യാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യു.എ.ഇയിലെ നിരവധി പ്രമുഖരും ചടങ്ങിനെത്തും.കൂടിയാട്ടത്തെയും കൂടിയാട്ട കലാകാരൻ ശിവൻ നമ്പൂതിരിയെയും ആസ്പദമാക്കി രാജൻ കാരിമൂല ഒരുക്കിയ ഡോക്യുമെന്ററി ചിത്രത്തിന്റെ ആദ്യ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. രാജൻ കാരിമൂല, ബാലകൃഷ്ണൻ ഏവീസ്, ഷാഹിർ ബാബു, രാജ്ഗോപാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.