യമനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചക്ക് ഒമാന്‍ വേദിയൊരുക്കും
|യെമന് വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഇസ്മാഈൽ വലദുശൈഖിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്
യമനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചക്ക് ഒമാന്‍ വേദിയൊരുക്കുമെന്ന് റിപ്പോർട്ടുകള്‍. യെമന് വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഇസ്മാഈൽ വലദുശൈഖിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
മൂന്ന് വർഷത്തെ സേവനത്തിന് ശേഷം ഇസ്മാഈൽ വലദുശൈഖ് പ്രത്യേക പ്രതിനിധി സ്ഥാനം ഊ മാസം അവസാനത്തോടെ ഒഴിയുകയാണ്. ബ്രിട്ടനിൽ നിന്നുള്ള മാർട്ടിൻ ഗ്രിഫിത്ത് ആണ് പുതിയ പ്രതിനിധി. പുതിയ പ്രതിനിധി സ്ഥാനമേറ്റ് അധികം വൈകാതെ ഹൂതി സായുധ ഗ്രൂപ്പിന്റെയും ജനറൽ പീപ്പിൾസ് കോൺഗ്രസ് പാർട്ടിയുടെയും പ്രതിനിധികൾ തമ്മിലെ ചർച്ചക്ക് അവസരമൊരുക്കുമെന്ന് ഇസ്മാഈൽ വലദുശൈഖ് പറഞ്ഞു. ആഭ്യന്തര സംഘർഷത്തിൽ ഉൾപ്പെട്ട മറ്റ് കക്ഷികളെ ചർച്ചയിൽ ഉൾക്കൊള്ളിക്കുന്ന കാര്യം തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്ന യെമൻ ഏറ്റവും വലിയ മാനുഷിക ദുരന്തത്തിന്റെ വക്കിലാണ്. ഒരു ദശലക്ഷത്തോളം യെമനികൾ കോളറയുടെ പിടിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.