യൂത്ത് ഇന്ത്യ പ്രഥമ ക്രിക്കറ്റ് മത്സരത്തില്‍ ന്യൂഫെയ്സ് ക്രിക്കറ്റ് ക്ലബ്ബിന് ജയം
|ആഷസ് ക്രിക്കറ്റ് ക്ലബ്ബിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ജയം
റിയാദില്‍ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് മത്സരത്തില്‍ ന്യൂഫെയ്സ് ക്രിക്കറ്റ് ക്ലബ്ബിന് ജയം. ആഷസ് ക്രിക്കറ്റ് ക്ലബ്ബിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ജയം. 24 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. എക്സിറ്റ് 32ന്റെ സ്റ്റേഡിയത്തിലായിരുന്നു യൂത്ത് ഇന്ത്യ ഫ്രണ്ടികപ്പ് ക്രിക്കറ്റ് ഫൈനല്‍. മാര്‍ച്ച് 9നാരംഭിച്ച മത്സരത്തില്‍ 24 ക്ലബ്ബുകള്‍ പങ്കെടുത്തിരുന്നു. ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയത് ആഷസ് ക്രിക്കറ്റ് ക്ലബ്ബും, ന്യൂഫെയ്സ് ക്രിക്കറ്റ് ക്ലബ്ബും. പത്തോവര്‍ മത്സരത്തില്‍ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം.
ആദ്യം ബാറ്റ് ചെയ്ത ആഷസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂഫെയ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നാല് പന്ത് ശേഷിക്കേ മത്സരം പൂര്‍ത്തിയാക്കി. ഫ്രെണ്ടി കമ്യൂണിക്കേഷന്‍സ് തലവന്‍ സുഹൈല്‍ സിദ്ദീഖി കപ്പ് ജേതാക്കള്‍ക്ക് കൈമാറി. റണ്ണേഴ്സ അപ്പിനുള്ള കപ്പ് യൂതത് ഇന്ത്യ റിയാദ് പ്രസിഡണ്ട് ബഷീര്‍ രാമപുരം നല്‍കി.
ന്യൂഫെയ്സിന്റെ ഫഹദാണ് മാന്‍ഓഫ്ദ മാച്ച്. ന്യൂ ഫെയ്സിന്റെ ഐജാസ് മാന്‍ ഓഫ് ദ സീരീസും, മികച്ച സിക്സ് വേട്ടക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. 12 വിക്കറ്റ് നേടിയ ആഷസിന്റെ രാജീവാണ് മികച്ച ബോളര്‍. ഒമാന്‍ എയര്‍ മാനേജര്‍ സനോജ് ഇ അലി, കെസിഎ പ്രസി ഷൌക്കത്ത്, കെസിഎ സെക്ര ജോജി മാത്യു എന്നിവര്‍ പുരസ്കാരങ്ങള്‍ കൈമാറി.കാണികള്‍ക്കായി നടത്തിയ നറുക്കെടുപ്പ് ജേതാക്കള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. അന്‍സീം, മജീദ്,റിഷാദ്,ഷാനിദ് അലി, ഷഹീര്‍ എന്നിവരാണ് മത്സരങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.